ഇന്ത്യയും കടന്ന് ആഗോളതലത്തിൽ തന്നെ പ്രിയ പ്രകാശ് വാര്യർ എന്ന പെൺകുട്ടി പ്രശസ്തയായിരിക്കുകയാണ്. ഒരു അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യ മലരായ എന്ന ഒറ്റ ഗാനമാണ് പ്രിയയെ താരമാക്കിയത്. ലക്ഷക്കണക്കിന് യുവാക്കളുടെ ഹൃദയമാണ് പുരികക്കൊടി ഉയർത്തി പ്രിയ കവർന്നത്.

ഇൻസ്റ്റഗ്രാമിൽ മിനിറ്റുകൾ കൊണ്ടാണ് പ്രിയയുടെ ഫോളേവേഴ്സ് കൂടുന്നത്. സോഷ്യൽ മീഡിയയിൽ എവിടെ തിരഞ്ഞാലും പ്രിയയുടെ മുഖമാണ്. സിനിമയും പാട്ടും ഇഷ്ടപ്പെടുന്ന പ്രിയയ്ക്ക് ക്രിക്കറ്റും ഇഷ്ടമാണ്. ക്രിക്കറ്റിൽ പ്രിയയ്ക്ക് ഏറ്റവും ഇഷ്ടം ഇന്ത്യൻ നായകനോടല്ല, മറിച്ച് മുൻ ഇന്ത്യൻ നായകനോടാണ്.

വിരാട് കോഹ്‌ലിയെ അല്ല, എം.എസ്.ധോണിയെയാണ് തനിക്കിഷ്ടമെന്നാണ് പ്രിയ ഫിനാൻഷ്യൽ എക്സ്പ്രസിനോട് പറഞ്ഞിരിക്കുന്നത്. ക്രിക്കറ്റ് മൈതാനത്ത് കോഹ്‌ലി രാജാവാണെങ്കിലും പെൺകുട്ടികളുടെ ഹൃദയത്തിൽ വാഴുന്നത് ധോണിയാണ് എന്നാണ് പ്രിയയുടെ വാക്കുകളിൽനിന്നും വ്യക്തമാകുന്നത്.

നല്ലൊരു നടിയാകാൻ ആഗ്രഹിക്കുന്ന പ്രിയയ്ക്ക് സിനിമയിൽ തുടരാനാണ് മോഹം. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനൊപ്പവും സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കൊപ്പവും ഒരു സിനിമ ചെയ്യണമെന്നാണ് ഈ സുന്ദരിയുടെ മോഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ