ഒന്നുകില്‍ ആശാന്റ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത് എന്ന ചൊല്ല് കേട്ടിട്ടില്ലേ. ഇതാ ആ ചൊല്ല് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പക്ഷെ ചെറിയൊരു ട്വിസ്റ്റുണ്ട്. കളരിയ്ക്ക് പുറത്തായതിനാണ് ആശാന്റെ നെഞ്ചത്ത് കയറിയത്. സംഭവം നടന്നത് ബൊളീവിയയില്‍ നടന്ന ഫുട്‌ബോള്‍ മൽസരത്തിനിടെയായിരുന്നു.

നാഷണല്‍ പൊട്ടോസിയും സ്‌പോര്‍ട്ട് ബോയ്‌സും തമ്മിലുള്ള മൽസരത്തിനിടെയായിരുന്നു സംഭവം. കളി 32-ാമത്തെ മിനിറ്റില്‍ തന്നെ പിന്‍വലിച്ചതിന് പൊട്ടോസിയുടെ ബ്രസീലിയന്‍ താരം തിയാഗോ ഡോസ് സാന്റോസാണ് പരിശീലകനോട് പൊട്ടിത്തെറിച്ചത്. പിന്‍വലിച്ചതില്‍ കലിപൂണ്ട താരം പരിശീലനകനെ പിടിച്ച് തള്ളുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയുമായിരുന്നു. ഒടുവില്‍ സഹതാരങ്ങളും മറ്റും ഇടപെട്ട് താരത്തെ സംഭവ സ്ഥലത്തു നിന്നും പിടിച്ചു കൊണ്ടു പോവുകയായിരുന്നു.

ഇതിനിടെ സഹപരിശീലകനേയും സാന്റോസ് മർദിക്കാന്‍ ശ്രമിച്ചു. മൽസരത്തില്‍ പൊട്ടോസി പരാജയപ്പെടുകയും ചെയ്തു. ഫുട്‌ബോള്‍ ലോകത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് സംഭവം. കളിക്കിടെ താരങ്ങളെ പിന്‍വലിക്കുന്നത് സ്വാഭാവികമാണെന്നിരിക്കെ താരത്തിന്റെ പെരുമാറ്റം ഫുട്‌ബോളിന്റെ സ്‌പിരിറ്റിന് ചേരാത്തതാണെന്നാണ് ആരാധകരും മറ്റും പറയുന്നത്.

അതേസമയം, വിവാദ സംഭവത്തിന് പിന്നാലെ സാന്റോസ് ടീം വിട്ടതായി പൊട്ടോസി അധികൃതര്‍ അറിയിച്ചു. താരം ടീമിനും ഫുട്‌ബോളിനും കളങ്കം വരുത്തിയെന്നും താരത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ക്ലബ്ബ് അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ