സ്റ്റോക്ക്ഹോം: ഡച്ച് ക്ലബ് അയാക്സിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യൂണൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം. സ്റ്റോക്ക് ഹോമിൽ നടന്ന കലാശപോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിനെ തകർത്തത്. ക്ലബിന്രെ ചരിത്രത്തിലാദ്യമായാണ് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കുന്നത്. കിരീടനേട്ടത്തോടെ ചാന്പ്യൻസ് ലീഗിൽ കളിക്കാനുള്ള യോഗ്യതയും യുണൈറ്റഡ് നേടി.

സ്റ്റോക്ക് ഹോമിൽ നടന്ന ക​ലാശക്കളിയിൽ 17 മിനുറ്റിൽ സൂപ്പർ താരം പോൾ പോഗ്ബയുടെ ഗോളീലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. ബോക്സിന് പുറത്ത് നിന്ന് പോഗ്ബ തൊടുത്ത ഇടങ്കാലൻ ഷോട്ട് അയാക്സ് താരത്തിന്രെ കാലിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മധ്യനിരക്കാരൻ ഹെൻട്രിക്ക് മിഖിത്താരിയനിലൂടെ യുണൈറ്റഡ് തങ്ങളുടെ രണ്ടാം ഗോളും നേടി. ഡേലി ബ്ലിന്റിന്റെ കോർണ്ണറിൽ സ്മോളിങ്ങ് നൽകിയ പാസ് അയാക്സ് വലയിലേക്ക് തിരിച്ച് വിട്ടാണ് മിഖിത്താരിയൻ യുണൈറ്റഡിന്റെ വിജയം നിർണ്ണയിച്ചത്. മത്സരത്തിലുടനീളം പന്ത് നിയന്ത്രിച്ചെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ അയാക്സിന് സാധിച്ചിരുന്നില്ല. 22 വയസ്സിൽ താഴെയുള്ള താരങ്ങളാണ് അയാക്സിനായി ഫൈനൽ കളിക്കാൻ ഇറങ്ങിയത്.

മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് മത്സരം ആരംഭിച്ചത്. ഈ കിരീടം തങ്ങൾ മാഞ്ചസ്റ്റർ നഗരത്തിന് സമ്മാനിക്കുന്നു എന്നാണ് മത്സര ശേഷമുള്ള വാർത്ത സമ്മേളനത്തിൽ ജോസെ മൗറീഞ്ഞോ പറഞ്ഞത്. 2016 -17 സീസൺ അവസാനിക്കുമ്പോൾ 3 ട്രോഫികളാണ് യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ