പുണെ: അവസാന ബോൾവരെ ആവേശം നിറഞ്ഞ മൽസരമായിരുന്നു ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്നത്. പരാജയത്തിന്റെ വക്കിൽനിന്നാണ് ചെന്നൈ തിരിച്ചു കയറിയത്. അവസാന ഓവറിലെ രണ്ടു ബോളിൽ വെസ്റ്റ് ഇന്ത്യൻ ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ അടവു മാറ്റിയതാണ് ചെന്നൈയുടെ വിജയത്തിലേക്ക് നയിച്ചത്. ഇതിനു പിന്നിൽ ക്യാപ്റ്റൻ എം.എസ്.ധോണിയായിരുന്നു.

മൽസരത്തിൽ നാലു റൺസിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപ്പിച്ചത്. അമ്പാട്ടി റായിഡുവും സുരേഷ് റെയ്നയും തീര്‍ത്ത കൂട്ടുകെട്ട് ചെന്നൈക്ക് 182 റണ്‍സെന്ന മികച്ച സ്കോര്‍ സമ്മാനിച്ചു. നായകന്‍ ധോണി 25 റണ്‍സും നേടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ നായകൻ കെയ്‌ൻ വില്യംസണും യൂസഫ് പഠാനും ഹൈദരാബാദിനായി പൊരുതി. ഇത് ഹൈദരാബാദിന് വിജയ പ്രതീക്ഷ നൽകി.

അവസാന ഓവറിൽ 19 റൺസാണ് ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഡ്വെയ്ൻ ബ്രാവോയാണ് ബോളിങ്ങിനായി എത്തിയത്. 2 പന്തിൽനിന്നും ഹൈദരാബാദ് 10 റൺസ് നേടി. ഇതോടെ ഹൈദരബാദ് ജയം ഉറപ്പാക്കി. ഈ സമയം ചെന്നൈയുടെ ക്യാപ്റ്റൻ എം.എസ്.ധോണി ബ്രാവോയുടെ അടുത്തെത്തി തന്ത്രം മാറ്റാൻ പറഞ്ഞു. ഇതിനെക്കുറിച്ച് മൽസരശേഷം ധോണി വെളിപ്പെടുത്തി.

‘അവസാന രണ്ടു ബോളിൽ തന്ത്രം മാറ്റേണ്ടിയിരുന്നു. അതാണ് ബ്രാവോയുടെ പറഞ്ഞത്. ചില സമയത്ത് മികച്ച കളിക്കാരനായ ബ്രാവോയ്ക്കും ഉപദേശം ആവശ്യമായി വരും’ ധോണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ