എം.എസ്.ധോണി ഇനിയും ഏറെ നാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി തുടരുമെന്ന കാര്യത്തിൽ ഇനി ആർക്കും സംശയം വേണ്ട. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന അവസരത്തിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദിന്റെ വാക്കുകൾ മാത്രം ഇതിനു കേട്ടാൽ മതിയാകും. ബാറ്റ്സ്മാൻ എന്ന നിലയിൽ ധോണിയുടെ ഇപ്പോഴത്തെ ഫോമിനെക്കുറിച്ച് ഉത്കണ്ഠയുണ്ടോയെന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് 35 കാരനായ ധോണിയിൽ സെലക്ടർമാർക്ക് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

”ലോകത്തിലെതന്നെ മികച്ച വിക്കറ്റ് കീപ്പറാണ് ധോണിയെന്നു എത്രപേരാണ് ഇപ്പോഴും വിശ്വസിക്കുന്നത്? നമ്മളൊക്കെ ധോണിയുടെ ബാറ്റിങ്ങിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. നമ്മളെല്ലാം ശ്രദ്ധ വച്ചിരിക്കുന്നതും അതിലാണ്. ഇന്ത്യൻ ടീമിന്റെ വിലമതിക്കാനാവാത്ത സ്വത്താണ് ധോണി. കളിയിൽ നിർണായകമായ പല സന്ദർഭങ്ങളിലും ധോണിയുടെ ഉപദേശം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. വിരാട് കോഹ്‌ലിയെ നല്ല രീതിയിൽ നയിക്കാൻ പറ്റിയ വ്യക്തി ധോണിയാണ്”.

”വിക്കറ്റ് കീപ്പറായുളള ധോണിയുടെ പ്രകടനത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ധോണി നല്ലൊരു വിക്കറ്റ് കീപ്പറാണെന്നു പലരും മനസ്സിലാക്കുന്നില്ല. കഴിഞ്ഞ 10-12 വർഷത്തിനിടയിൽ ധോണിയുടെ കയ്യുറകൾക്ക് ഒരു മോശം ദിനം ഉണ്ടായിട്ടില്ല. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽതന്നെയാണ് ഞങ്ങളെപ്പോഴും ധോണിയെ പരിഗണിച്ചിട്ടുളളത്. അതേസമയം, ധോണിയുടെ വിക്കറ്റ് നേട്ടങ്ങളും കണക്കിലെടുക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ഇപ്പോഴും ധോണിയാണ്”-പ്രസാദ് പറഞ്ഞു.

ധോണിയുടെ ബാറ്റിങ് ഫോമിനെക്കുറിച്ച് ഏറെ നാളായി ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റില ധോണിയുടെ കാലം കഴിഞ്ഞുവെന്നുപോലും ചില വിമർശകർ പറഞ്ഞു. എന്നാൽ ഇത്തവണത്തെ ഐപിഎൽ സീസൺ ധോണിയുടെ തിരിച്ചു വരവാണ് അറിയിച്ചത്. 12 ഇന്നിങ്സുകളിൽനിന്നായി ധോണി 235 റൺസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ