ജൊഹന്നാസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട പറയാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്കന്‍ താരം മോണെ മോര്‍ക്കല്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മ്മാറ്റില്‍ നിന്നും വിരമിക്കുമെന്ന് മോര്‍ക്കല്‍ അറിയിച്ചു. വ്യാഴാഴ്ച്ചയാണ് നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക.

33 കാരനായ മോണെ മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയ്ക്കായി 83 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ട്വന്റി 20 കളും കളിച്ചിട്ടുണ്ട്. 12 വര്‍ഷം നീണ്ടു നിന്ന സംഭവബഹുലമായ കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. ടെസ്റ്റില്‍ 294 വിക്കറ്റുകള്‍ നേടിയിട്ടുള്ള മോര്‍ക്കല്‍ ഏഴ് വട്ടം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് മോണെയുടെ സ്ഥാനം.

മൂന്ന് ഫോര്‍മ്മാറ്റില്‍ നിന്നുമായി 529 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ‘വളരെ കഠിനമായിരുന്നു തീരുമാനം. പക്ഷെ പുതിയ അധ്യായം തുടങ്ങാന്‍ ഇതാണ് ഏറ്റവും മികച്ച സമയമെന്ന് തോന്നുന്നു. ചെറിയ കുട്ടികളും വിദേശിയായ ഭാര്യയുമാണ് എനിക്കുള്ളത്. നിലവിലെ അന്താരാഷ്ട്ര മത്സരക്രമം ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതാണ്. അവരെ ഞാന്‍ പരിഗണിച്ചേ തീരു. ഈ തീരുമാനം മുന്നോട്ട് പോകാനെ ഞങ്ങള്‍ക്ക് ഉപകരിക്കൂ.’ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് മോര്‍ക്കല്‍ പറയുന്നു.

‘പോര്‍ട്ടീസ് ജേഴ്‌സിയില്‍ കളിച്ച ഓരോ നിമിഷവും ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു. ഇത്രയും നാള്‍ പിന്തുണച്ച ടീമംഗങ്ങള്‍ക്കും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദിയുണ്ട്. എന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുന്നോട്ടുള്ള കാര്യങ്ങളെന്നെ ആവേശം കൊള്ളിക്കുന്നുണ്ട്. ഇപ്പോള്‍ എന്റെ ശ്രദ്ധ പോര്‍ട്ടീസിനെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയിപ്പിക്കുന്നതിലാണ്.’ താരം കൂട്ടിച്ചേര്‍ക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീമിന് മോര്‍ക്കല്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണെന്നും താരത്തിന് നന്ദി പറയുന്നതായും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആക്ടിംഗ് സി.ഇ തബംഗ് മോറോ അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ലോകത്തിന്റെ ആദരവ് നേടിക്കൊടുത്ത ബൗളര്‍മാരുടെ സുവ്വര്‍ണ്ണ കാലഘട്ടത്തിന്റെ ഭാഗമാണ് മോര്‍ക്കലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ