ചെന്നൈ: വിലക്കിന് ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാൻ കോപ്പ്കൂട്ടി ചെന്നൈ സൂപ്പർ കിങ്സ്. ധോണിയെയും സുരേഷ് റെയ്നയെയും രവീന്ദർ ജഡേജയെയും ഒരിക്കൽക്കൂടി ടീമിലേക്ക് എത്തിച്ച ചെന്നൈ തങ്ങളുടെ കരുത്ത് അറിയിക്കാൻ ഒരുങ്ങുകയാണ്. പരിശീലകരുടെ നിരയിലും പ്രമുഖരെ അണിനിരത്തിയിരിക്കുകയാണ് കിങ്സ് അധികൃതർ ഇപ്പോൾ.

ചൈന്നൈ സൂപ്പർ കിങ്സിന്റെ മുൻതാരവും ഓസ്ട്രേലിയൻ ടീമിന്റെ സൂപ്പർ താരവുമായിരുന്ന മെക്ക് ഹസിയെ ബാറ്റിങ് പരിശീലകനായി നിയമിച്ചിരിക്കുകയാണ് ചെന്നൈ ഇന്ന്. ചെന്നൈയ്ക്കായി കഴിഞ്ഞ 7 സീസണുകളിലും മൈക്ക് ഹസി കളിച്ചിരുന്നു. മിസ്റ്റർ ക്രിക്കറ്റ് എന്ന് അറിയപ്പെടുന്ന ഹസിയുടെ സാന്നിധ്യം ടീമിന് കരുത്താകുമെന്നാണ് ടീമിന്റെ കണക്ക്കൂട്ടൽ.

ചെന്നൈ ടീമിലേക്ക് മടങ്ങിവരാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും ഈ ടീമിനൊപ്പമുള്ള നിമിഷങ്ങൾ മറക്കാനാവാത്തവ ആയിരുന്നുവെന്നും ഹസി പ്രതികരിച്ചു. വരാനിരിക്കുന്ന സീസണിലും മികച്ച വിജയങ്ങൾ സ്വന്തമാക്കാൻ ടീമിന് വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യുമെന്നനും മൈക്ക് ഹസി പ്രതികരിച്ചു.

ഐപിഎല്ലിൽ 7 സീസണുകളിൽ കളിച്ച ഹസി 1768 റൺസും നേടിയിട്ടുണ്ട്. 2013ലെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ഹസിയാണ് നേടിയത്. ഐപിഎല്ലിൽ 2 തവണ കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സ് 4 തവണ റണ്ണേഴ്സ്അപ്പുമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ