കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരങ്ങളുടെ നാലാംപതിപ്പിന്റെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ് സല്‍മാന്‍ ഖാനൊപ്പമുലള ചിത്രം പങ്കുവച്ച് മമ്മൂട്ടി. ചടങ്ങിനായി ബോളിവുഡ് താരമായ കത്രീന കെയ്ഫും എത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍, അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഉടമ സൗരവ് ഗാംഗുലി എന്നിവരും എത്തിയിട്ടുണ്ട്.

ഇന്നു രാത്രി എട്ടിന്‌ നടക്കുന്ന ആദ്യ മത്സരത്തില്‍ കലൂരിലെ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കടലിരമ്പത്തെ നേരിടുന്നത്‌ നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. കൊല്‍ക്കത്തയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ്‌ കൊച്ചിക്ക്‌ ഭാഗ്യമായി വീണുകിട്ടിയത്‌. അതോടെ ഒരുക്കങ്ങള്‍ ഒന്നുകൂടി തകൃതിയാക്കി. നാലു മലയാളികള്‍ ഇക്കുറി ബ്ലാസ്‌റ്റേഴ്‌സ്‌ ടീമിലുള്ളതു മലയാളികള്‍ക്ക്‌ ആവേശമായി.

ആദ്യ ഇലവനില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയും ആരാധകര്‍ വച്ചുപുലര്‍ത്തുന്നു. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഷൂട്ടൗട്ടില്‍ കൊല്‍ക്കത്തയോട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പൊരുതിവീണതു കണ്ട്‌ നെഞ്ചു പൊട്ടിയ മഞ്ഞപ്പടയുടെ ആരാധകര്‍ക്കു മുന്നിലേക്കാണ്‌ ഇരുടീമുകളും വീണ്ടും കൊമ്പുകോര്‍ക്കുന്നത്‌. ഇതില്‍ കൊമ്പന്റെ ഛിന്നംവിളി കേള്‍ക്കണേയെന്ന പ്രാര്‍ഥനയിലാണ്‌ ആരാധകര്‍. കരുത്തുറ്റ ടീമിനെയാണു ബ്ലാസ്‌റ്റേഴ്‌സ്‌ കണ്ടെത്തിയതെന്നു കോച്ച്‌ റെനി മ്യൂളെന്‍സ്‌റ്റീന്‍ വ്യക്‌തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ