കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഉദ്ഘാടന ചടങ്ങിൽ തിളങ്ങി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. സൽമാൻ ഖാനും സച്ചിൻ ടെൻഡുൽക്കറും കത്രീന കൈഫും അണിനിരന്ന താരപ്പടയുടെ ഇടയിൽ മലയാളികളുടെ പ്രതിനിധിയായെത്തിയത് മെഗാസ്റ്റാർ ആയിരുന്നു.

സൽമാൻ ഖാനും കത്രീന കൈഫും നേതൃത്വം നൽകിയ കലാപരിപാടികൾക്ക് ശേഷം സച്ചിനും നിതാ അംബാനിയും അടങ്ങുന്ന വേദിയിലേക്കായിരുന്നു മമ്മൂട്ടി ആനയിക്കപ്പെട്ടത്. ഇംഗ്ലീഷിൽ തന്നെ കാണികളോട് സംസാരിച്ച മമ്മൂട്ടി പ്രസംഗത്തിലുടനീളം കയ്യടി ഏറ്റുവാങ്ങി. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന് നഷ്ടമായ കിരീടം ഇത്തവണ നേടുമെന്ന് മമ്മൂട്ടി ഉറപ്പിച്ചു പറയുന്നു. കേരളം മുഴുവൻ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടെന്ന് മമ്മൂട്ടി ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിനും നായകൻ സന്ദേശ് ജിങ്കനും വാക്ക് നൽകിയപ്പോൾ ആരവങ്ങളോടെ സ്റ്റേഡിയം അതേറ്റു പറഞ്ഞു.

പിന്നീട് മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ മാച്ച് ബോൾ കൈമാറാനും കളിക്കാരെ പരിചയപ്പെടാനുമെത്തിയപ്പോഴും അദ്ദേഹത്തോടൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു.

കൃത്യം 6.30 നാണ് ഐഎസ്എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കത്രീന കൈഫിന്റെ തകർപ്പൻ ചുവടുകളോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. ഷീലാ കി ജവാനി എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് കത്രീന ചുവട്‌വെച്ചത്.

അടുത്തതായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വേദി കീഴടക്കി. പ്രത്യേകം തയ്യാറാക്കിയ സൈക്കിളിൽ മൈതാനത്തെ വലംവെച്ചതിന് ശേഷമാണ് സൽമാൻ ഖാൻ മൈതാനത്തിന് നടുവിലേക്ക് എത്തിയത്. വൻ കരഘോഷത്തോടെയാണ് ആരാധകർ സൽമാൻ ഖാനെ സ്വീകരിച്ചത്. പിന്നാലെ സൽമാൻ ഖാനും കത്രീന കൈഫും ചേർന്നുള്ള ഒരു ഫ്യൂഷൻ ഡാൻസും അരങ്ങേറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ