ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയും വെസ്റ്റ് ഇൻഡീസ് താരം കിയോൺ പൊളളാർഡും അടുത്ത സുഹൃത്തുക്കളാണ്. സഹോദര സ്ഥാനത്താണ് പൊളളാർഡിനെ താൻ കാണുന്നതെന്ന് ഹാർദിക് പലതവണ പറഞ്ഞിട്ടുമുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ പൊളളാർഡ് തന്നെ പൊലീസിൽ കുടുക്കാൻ ശ്രമിച്ചതിന്റെ രസകരമായൊരു സംഭവം ബ്രേക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ് ഷോയിൽ പങ്കുവച്ചിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ.

”പൊളളാർഡ് എന്റെ കാലുകൾ പിടിച്ചു. ഒരു പൊലീസുകാരനെ വിളിച്ചു. അയാൾ എന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. ആ പൊലീസുകാരൻ പൊളളാർഡിന്റെ സുഹൃത്തായിരുന്നു. എന്നെ പേടിപ്പിക്കാനായിരുന്നു ഇരുവരുടെയും ഉദ്ദേശ്യം. ഞാൻ ശാന്തനായി നിന്നു. ഇന്ത്യൻ ടീമിനെ വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഞാൻ ചിന്തിച്ചു. കാരണം ഞാൻ തെറ്റൊന്നും ചെയ്തിരുന്നില്ല”.

പൊലീസ് ഓഫിസർ ഫോണിൽ മറ്റാരെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ഫോൺ തലകീഴായാണ് പിടിച്ചിരുന്നത്. ഇതു കണ്ടപ്പോൾ എന്നെ പറ്റിക്കാൻ ഇരുവരും ചേർന്നുളള പരിപാടിയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നും മിണ്ടാതെ ശാന്തനായി നിൽക്കുന്നതെന്താണെന്ന് പൊളളാർഡ് ചോദിച്ചു. ഞാൻ പറഞ്ഞു, ”നോക്കൂ പൊളളാർഡ് നിങ്ങൾ എന്റെ അടുത്തുളളപ്പോൾ എനിക്കൊന്നും സംഭവിക്കില്ല, ഞാൻ നിങ്ങളുടെ രാജ്യത്താണ്”- ഹാർദ്ദിക് പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ രണ്ടു ടെസ്റ്റ് മൽസരങ്ങളിൽ കളിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് മൂന്നാം ടെസ്റ്റ് മൽസരത്തിൽ ബിസിസിഐ വിശ്രമം നൽകിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ