കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം മുന്നില്‍. 19-ാം മിനിറ്റില്‍ എം.എസ്.ജിതിന്റെ ഗോളിലാണ് കേരളം പശ്ചിമ ബംഗാളിനെതിരെ ലീഡ് നേടിയത്. സീസണില്‍ നിന്നും ലഭിച്ച പാസുമായി മൈതാന മധ്യത്തില്‍ നിന്നും പാഞ്ഞു കയറിയ ജിതിന്‍ ബംഗാള്‍ ഗോള്‍ കീപ്പറെ മറികടന്ന് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

പതിമൂന്ന് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് കേരളം പന്തു തട്ടുന്നത്. ഇതിന് മുമ്പ് കേരളം കിരീടം നേടിയത് 2005 ലായിരുന്നു. അവസാനമായി ഫൈനലില്‍ കളിച്ചത് 2013 ലായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

അതേസമയം, 33-ാം കിരീടം എന്ന നേട്ടം ലക്ഷ്യമിട്ടാണ് പശ്ചിമ ബംഗാള്‍ കളിക്കുന്നത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് ബംഗാള്‍. നേരത്തെ മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിന് ടിക്കറ്റെടുത്തത്. ഗോള്‍ വഴങ്ങുന്നതില്‍ പഞ്ഞം കാണിക്കുന്ന കേരളം ഒരു ഗോള്‍ കൂടി നേടി വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ