ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പതിനൊന്നാം സീസൺ ആരംഭിക്കുന്നതിന് മുൻപ് ഡൽഹി ഡെയർ ഡെവിൾസിന് കനത്ത തിരിച്ചടി. പൊന്നും വില കൊടുത്ത് ടീമിൽ എത്തിച്ച സൂപ്പർ താരത്തിനേറ്റ പരുക്കാണ് ടീമിന് തിരിച്ചടിയായത്. താരലേലത്തിൽ 4.2 കോടി രൂപ മുടക്കി ഡൽഹി സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാഡയ്ക്കാണ് പരുക്കേറ്റത്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് താരത്തിന് പരുക്കേറ്റത്. കടുത്ത പുറംവേദന മൂലം കഗീസോ റബാഡയെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. പിന്നാലെ ലോവർ-ബാക്ക് സ്ട്രസാണെന്ന് കണ്ടെത്തിയ ഡോക്ടമാർ റബാഡയ്ക്ക് 3 മാസത്തേക്ക് വിശ്രമം നിർദേശിക്കുകയായിരുന്നു. ഇതോടെ ഐപിഎല്ലിൽ താരത്തിന് പങ്കെടുക്കാൻ കഴിയില്ലെന്ന് വ്യക്തമായി.

റബാഡയ്ക്ക് പകരം ഒരു താരത്തെ സ്വന്തമാക്കാൻ ഡൽഹി ഡെയർ ഡെവിൾസിന് ഇനി അവസരമുണ്ട്. കഴിഞ്ഞ സീസണിലും റബാഡ ഡൽഹിക്ക് വേണ്ടിയാണ് കളിച്ചത്. ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരനാണ് റബാഡ. ട്രന്റ് ബോൾട്ട്, ക്രിസ് മോറിസ്, മുഹമ്മദ് ഷമി എന്നിവരാണ് ഡൽഹി ഡെയർ ഡെവിൾസിന്റെ മറ്റ് പേസർമാർ.

റിക്കി പോണ്ടിങ്ങിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന ഡൽഹിയെ ഗൗതം ഗംഭീറാണ് നയിക്കുന്നത്. ഏപ്രിൽ 8ന് കിങ്സ് ഇലവൻ പഞ്ചാബിനെതിരെയാണ് ഡൽഹിയുടെ ആദ്യ മൽസരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ