ന്യുഡെല്‍ഹി: ഡെല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ജിതു റായിക്ക് സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിതു സ്വര്‍ണം കൊയ്തത്. കഴിഞ്ഞ ദിവസം 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അദ്ദേഹം വെങ്കലം നേടിയിരുന്നു.

ഇന്ന് നടന്ന മത്സരത്തില്‍ 226.9 പോയന്റോടെ രണ്ടാം സ്ഥാനത്തത്തെത്തിയ ഇന്ത്യയുടെ തന്നെ അമന്‍പ്രീത് സിംങ് വെള്ളിയും നേടിയിട്ടുണ്ട്. അമന്‍പ്രീത് ഇത് ആദ്യമായാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. 208 പോയന്റോടെ ഇറാന്റെ വാഹിദ് ഗോല്‍കണ്ടനാണ് വെങ്കലം നേടിയത്. അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ലോകകപ്പ് മെഡലാണ് വാഹിദ് സ്വന്തമാക്കിയത്.

യോഗ്യതാ റൌണ്ടില്‍ 561 പോയന്റുമായി പോയന്റോടെ അമന്‍പ്രീത് ആയിരുന്നു മുന്നിട്ട് നിന്നിരുന്നത്. അന്ന് 559 പോയന്റായിരുന്നു ജിതു റായിക്ക്. ഇതോടെ ഒമ്പത് ലോകകപ്പ് മെഡലുകള്‍ ജിതുവിന് സ്വന്തമായി. നേരത്തേ റിയോ ഒളിമ്പിക്സിലേക്ക് ജിതു യോഗ്യത നേടിയെങ്കിലും എട്ടാം സ്ഥാനം മാത്രമാണ് അന്ന് ലഭിച്ചത്.

ഇന്നലെ മിക്സഡ് ഷൂട്ടിംങില്‍ ഇന്ത്യന്‍ ജിതു റായ്- ഹീന സിദ്ധു സഖ്യം സ്വര്‍ണ്ണം നേടിയിരുന്നു. ജപ്പാനീസ് ജോഡിയായ യുകാരി കൊനിഷി- ടൊമൊയുകി മറ്റ്‌സുദ എന്നിവരെപരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ സുവര്‍ണ്ണ നേട്ടം.

ആദ്യമായാണ് ഷൂട്ടിംങ് ലോകകപ്പില്‍ മിക്‌സ്ഡ് ടീം മത്സരം ഉള്‍പ്പെടുത്തുന്നത്. സ്വര്‍ണ്ണ നേട്ടത്തോടെ ലോകകപ്പില്‍ ഈ വിഭാഗത്തിലെ പ്രഥമ ചാമ്പ്യന്മാരെന്ന ഖ്യാതിയും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. 5-3 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ നേട്ടം.

ദല്‍ഹിയില്‍ നടക്കുന്ന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണ് സ്വര്‍ണ്ണ നേട്ടത്തിലൂടെ ജിതു റായിയും ഹീന സിദ്ധുവും കൈവരിച്ചത്. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരയിനമായിരുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ ചെനയാണ് സ്വര്‍ണ്ണം നേടിയത്. ജപ്പാന്‍ തന്നെയാണ് ഈ വിഭാഗത്തിലും രണ്ടാം സ്ഥാനത്തെത്തിയത്.

11 ഗൂര്‍ഖ റെജിമെന്റിലെ ഷൂട്ടറാണ് ജിതു റായ്. ഇഞ്ചിയോണില്‍ നടന്ന 2014-ലെ ഏഷ്യന്‍ ഗെയിംസിലും താരം ഇന്ത്യക്കായ് സ്വര്‍ണ്ണം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ