ഇന്ത്യ സമീപകാലത്ത് കണ്ടെത്തിയ മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. വേഗതയും ബൗൺസുമുള്ള പന്ത് മാത്രമല്ല ഇദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്. ബോളിംഗ് ആക്ഷനിലെ പ്രത്യേകതയുമാണ്. അതുകൊണ്ട് തന്നെ എല്ലാ ഫോർമാറ്റിലും വളരെ വേഗം ഇന്ത്യയുടെ പ്രധാന ആയുധവുമായി ഇദ്ദേഹം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ ബുമ്രയ്ക്ക് ഇടം ലഭിച്ചതും ഇങ്ങിനെയാണ്. പേസിന് അനുകൂലമായ പിച്ചിൽ അഞ്ച് ബോളർമാർ എന്ന തീരുമാനം ടീം ഇന്ത്യ എടുത്തപ്പോൾ കേപ് ടൗണിൽ ആദ്യ ടെസ്റ്റിൽ തന്നെ അരങ്ങേറ്റം കുറിക്കാനും ബുമ്രയ്ക്ക് സാധിച്ചു.

എന്നാൽ ഇതല്ല, ജസ്പ്രീത് ബുമ്രയെന്ന താരം ക്രിക്കറ്റിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു റെക്കോഡാണ് സ്വന്തം പേരിൽ എഴുതിയിരിക്കുന്നത്. അരങ്ങേറ്റത്തിൽ ലോകത്ത് മറ്റേതെങ്കിലും ബോളർക്ക് ഇതിന് സമാനമായ നേട്ടം ഉണ്ടായിട്ടില്ല.

സമകാലിക ക്രിക്കറ്റ് താരങ്ങളിൽ ഇതിഹാസങ്ങളെന്ന് വാഴ്ത്തപ്പെട്ട താരങ്ങളാണ് എല്ലാ ഫോർമാറ്റിലും ബുമ്രയുടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹത്തിന് മുന്നിൽ വീണത്. ഇന്നലെ കേപ് ടൗണിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഡിവില്ലിയേർസിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുമ്രയുടെ ഈ റെക്കോഡ് നേട്ടം പൂർത്തിയായത്.

ഐപിഎല്ലിലൂടെയാണ് ബുമ്രയെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്. മുംബൈ ഇന്ത്യൻസിന്റെ താരമായ ബുമ്ര 2013 ലാണ് അരങ്ങേറിയത്. ബെംഗലൂരു റോയൽ ചലഞ്ചേർസിനെതിരായ ആദ്യ മത്സരത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് ബുമ്ര നേടിയത്. ഐപിഎൽ ആറാം സീസണിലെ ഈ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റാണ് ബുമ്ര നേടിയത്.

2016 ജനുവരി 26 ന് അഡ്‌ലെയ്ഡിൽ ഓസീസിനെതിരെയാണ് ബുമ്ര ടി20 യിൽ അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തിൽ ഡേവിഡ് വാർണറായിരുന്നു ബുമ്രയ്ക്ക് മുന്നിൽ ആദ്യം വീണത്. ഈ മത്സരത്തിലും 23 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ബുമ്ര കൊയ്തത്.

ഇതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഓസീസിനെതിരെ തന്നെയായിരുന്നു ബുമ്രയുടെ ഏകദിന അരങ്ങേറ്റം. ജനുവരി 23 ന് സിഡ്നിയിൽ നടന്ന മത്സരത്തിൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്താണ് ബുമ്രയ്ക്ക് ആദ്യ വിക്കറ്റ് നൽകി മടങ്ങിയത്. ഇവിടെ രണ്ട് വിക്കറ്റോടെ അരങ്ങേറ്റം ഗംഭീരമാക്കാൻ ബുമ്ര മറന്നില്ല.

ഇന്നലെ കേപ് ടൗണിൽ ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ നായകൻ ഡിവില്ലിയേർസിന്റെ നിർണ്ണായക വിക്കറ്റാണ് ബുമ്ര നേടിയത്. 65 റൺസുമായി ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ച ഡിവില്ലിയേഴ്സിന് പക്ഷെ ബുമ്രയ്ക്ക് മുന്നിൽ കാലിടറി. ഇതോടെ തന്റെ ക്രിക്കറ്റ് ലോകത്തെ അരങ്ങേറ്റ മത്സരങ്ങളെല്ലാം ഏറ്റവും തിളക്കമുള്ളതാക്കി മാറ്റാൻ ബുമ്രയ്ക്ക് സാധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ