കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസൺ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സും അത്‌ലറ്റികോ ഡി കൊൽക്കത്തയും ഏറ്റുമുട്ടും. ഉദ്ഘാടനം പ്രമാണിച്ച് വർണാഭമായ ചടങ്ങുകൾക്ക് ഇന്ന് കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിക്കും.

രണ്ട് വട്ടം കിരീടം നേടിയ അത്‌ലറ്റികോ ഡി കൊൽക്കത്തയും രണ്ട് വട്ടം ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുമ്പോൾ മികച്ച മത്സരം പിറവിയെടുക്കുമെന്നാണ് കളിയാരാധകരുടെ പ്രതീക്ഷ. ഇനി നാല് മാസം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ആവേശകാലമാണ്.

റെനെ മ്യുലൻസ്റ്റീന്റെ കീഴിൽ പരിശീലിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ഇത്തവണ നയിക്കുന്നത് പ്രതിരോധത്തിലെ കുന്തമുനയായ സന്ദേശ് ജിംഗനാണ്. ദിമിത്രി ബെർബെറ്റോവും ഇയാൻ ഹ്യൂമും മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

വൈകിട്ട് ഏഴ് മണിക്ക് സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. പിന്നീട് എട്ട് മണിക്കാവും ആദ്യ വിസിൽ. രാത്രി പത്ത് മണിക്ക് മുൻപായി മത്സരത്തിന്റെ വിധിയറിയാം. ശക്തമായ ആരാധക നിരയുള്ള കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ഉദ്ഘാടന മത്സരത്തിൽ കേരളത്തിലെ കളിപ്പന്ത് പ്രേമികൾ പ്രതീക്ഷിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ