എറണാകുളം: കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ പോൾ റച്ചൂക്കയ്ക്ക് ഐഎസ്എല്ലിന്റെ അംഗീകാരം. നവംമ്പർ മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്ക്കാരമാണ് റച്ചൂക്ക സ്വന്തമാക്കിയത്. ഓൺലൈൻ വോട്ടെടുപ്പിൽ 52.4% വോട്ടുകൾ സ്വന്തമാക്കിയാണ് റച്ചൂക്ക ഫാൻസ് പ്ലെയർ ഓഫ് ദ മന്ത് പുരസ്ക്കാരം നേടിയത്.

ഐഎസ്എല്ലിലെ മൂന്ന് റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനമാണ് റച്ചൂക്ക പുറത്തെടുത്തത്. ആദ്യ 2 മത്സരങ്ങളിലും റച്ചൂക്ക ഗോൾവഴങ്ങിയില്ല. 7 തകർപ്പൻ സേവുകളും റച്ചൂക്ക കാഴ്ചവെച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഗോൾവഴങ്ങിയെങ്കിലും റച്ചൂക്ക തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്ന പട്ടികയിൽ പ്രമുഖരാണ് ഉണ്ടായിരുന്നത്. പൂണെ സിറ്റി​ എഫ്സിയുടെ മാഴ്സെലീനോ, എമില്യാനോ അൽഫാരോ, ഗോവ എഫ്സിയുടെ ഫെരാൻ കോറ, ബംഗ്ലൂരു​ എഫ്സിയുടെ എറിക്ക് പട്ടാലു എന്നിവരെ പിന്തള്ളിയാണ് ബ്ലാസ്റ്റേഴ്സിന്റെ റച്ചൂക്ക പുരസ്ക്കാരം സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ