കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ നാലാം സീസൺ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമാകും. ഓൺലൈനായുള്ള ടിക്കറ്റ് വിൽപ്പനയാണ് ഇന്ന് ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന.

പ്രമുഖ ടിക്കറ്റ് ബുക്കിങ് ഓൺലൈൻ സ്ഥാപനമായ ബുക്ക് മൈ ഷോ (www.bookmyshow.com) വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ബുക്ക് മൈ ഷോയുടെ മൊബൈൽ ആപ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. വൈകിട്ട് നാല് മണി മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക.

കൊച്ചിയിൽ നവംബർ 17 നാണ് നാലാം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പോരാട്ടത്തിന്റെ തുടക്കം. സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ്, അത്‌ലറ്റികോ ഡി കൊൽക്കത്തയെ എതിരിടും. ഈ മത്സരത്തിന്റെ ടിക്കറ്റാണ് വ്യാഴാഴ്ച ലഭിക്കുക. ഉദ്ഘാടന മത്സരം നടക്കുന്ന 17 ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരത്തിന് മുൻപ് ഉദ്ഘാടന ചടങ്ങുകളും നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ