കൊച്ചി: ഒരു ഗോളടിച്ച് ജയിക്കാമെന്ന പ്രതീക്ഷയിൽ അല്ല ഇന്ന് എഫ്സി ഗോവയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ്. ആക്രമണത്തിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും കെസിറോൺ കിസിത്തോയുടെ അഭാവം ടീമിനെ വലയ്ക്കും. പട്ടികയിൽ മുന്നിലുളള എഫ്സി ഗോവ എതിരാളിയുടെ ഗോൾവല കുലുക്കിയതിലും മുന്നിലാണ്.

ആക്രമിച്ച് കളിക്കുന്ന എഫ്സി ഗോവ ടീമെന്ന നിലയിൽ ഏറ്റവും കൂടുതൽ ഒത്തിണക്കമുള്ള ടീമെന്ന ഖ്യാതി നേടിയിട്ടുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നതും ഇത് തന്നെയാണ്. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ബെർബറ്റോവിനെ കുറിച്ച് ഇപ്പോൾ മിണ്ടാട്ടമേയില്ല.

കിസിത്തോയുടെ അഭാവത്തിൽ കറേജ് പെക്കൂസണെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. സെന്റർ മിഡ്ഫീൽഡിൽ നിന്ന് മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാനുള്ള ചുമതല ഇത്തവണ പെക്കൂസണാകും. ഹ്യൂമും മാർക് സിഫ്നോസുമാണ് മുന്നേറ്റത്തിൽ കേരളത്തിന്റെ തുറുപ്പുചീട്ട്.

അതേസമയം, മൂന്ന് ഗോളെങ്കിലും നേടിയാലേ ഗോവയുടെ കുതിപ്പിനെ പിടിച്ചുനിർത്താനെങ്കിലും സാധിക്കൂ. 9 മൽസരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയിന്റുമായി എഫ്സി ഗോവ നാലാം സ്ഥാനത്താണുള്ളത്. അതേസമയം, ബ്ലാസ്റ്റേഴ്സ് 11 കളികളിൽ നിന്ന് 14 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഗോവ ഇതുവരെ 22 ഗോളുകളാണ് എതിരാളിയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്. പക്ഷെ കേരളം വെറും 12 ഗോളുകൾ മാത്രമേ ഇതുവരെ നേടിയിട്ടുള്ളൂ.

ഗോവയുടെ ഹോം ഗ്രൗണ്ടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ചിറകൊടിച്ചാണ് സ്പാനിഷ് താരമായ ഗോവയുടെ സ്ട്രൈക്കർ ഫെറാൻ കൊറോമിനോസ് വിട്ടത്. അഞ്ച് ഗോളുകളാണ് എഫ്സി ഗോവ അന്ന് ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് അടിച്ചുകയറ്റിയത്. കേരളത്തിന് രണ്ട് ഗോളുകൾ മാത്രമേ നേടാനായുള്ളൂ. അതേസമയം, സെമി പ്രവേശനത്തിന് ബ്ലാസ്റ്റേഴ്സിന് ജയിച്ചേ മതിയാകൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ