കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിൽ വിജയത്തുടക്കം നേടാമെന്ന് കൊതിച്ച കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഗാലറിയിൽ ആർത്തിരമ്പിയ ആരാധകരെ നിരാശയിലാഴ്ത്തിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആദ്യ മത്സരത്തിൽ കാഴ്ചവെച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനായില്ല.

സൂപ്പർ താരങ്ങളെയെല്ലാം അണിനിരത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങിയത്. എന്നാൽ പന്തടക്കത്തിൽ അച്ചടക്കം പുലർത്തിയ കൊൽക്കത്തയാണ് കളി നിയന്ത്രിച്ചത്. കളിമെനയുന്നതിലും മികവ് പുലർത്തിയ കൊൽക്കത്ത നിരവധി അവസരങ്ങളും സൃഷ്ടിച്ചു. ബാറിന് കീഴിൽ മികച്ച സേവുകൾ കാഴ്ച റച്ചൂബ്ക്കയാണ് ബ്ലാസ്റ്റേഴ്സിനെ കാത്തത്.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. സി.കെ വിനീതിന്റെ ഷോട്ട് പണിപ്പെട്ടാണ് കൊൽക്കത്തയുടെ ഗോൾകീപ്പർ കുത്തിയകറ്റിയത്. ഇയാൻ ഹ്യുമിന് പകരം മാർക്കി സിഫിയോണിസിനെയും, സി.കെ വിനീതിന് പകരം പ്രശാന്തിനെയും മൃൂലസ്റ്റൻ കളത്തിൽ ഇറക്കിയെങ്കിലും മത്സരം ഫലം മാറ്റാൻ കഴിഞ്ഞില്ല.

69 മിനുറ്റിൽ കൊൽക്കത്ത താരം ഡൊസാന്റോസ് ബ്രാങ്കോയുടെ വലങ്കാലൻ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോയപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ നെടുവീർപ്പിട്ടു.

4-2-3-1 എന്ന ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. വലത് വിങ്ങിൽ കളിച്ച റിനോ ആന്റോയുടെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. മത്സരത്തിന്റെ മുഴുവൻ സമയവും കളത്തിൽ ഉണ്ടായിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ ഡിമറ്റോവ് ബെർബറ്റോവിനും കഴിഞ്ഞില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ