ലണ്ടൻ: ഐപിഎൽ ലേലത്തിൽ തന്നെ അവഗണിച്ച ടീമുകൾക്ക് ശക്തമായ മറുപടി നൽകി ഇന്ത്യൻ പേസർ ഇശാന്ത് ശർമ്മ. ലേലത്തിൽ ആരും വാങ്ങാൻ തയ്യാറാകാതിരുന്ന ഇശാന്ത് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലാണ് തന്റെ മികവ് വിളിച്ചോതുന്ന പ്രകടനം കാഴ്ചവച്ചത്. കൗണ്ടി ക്രിക്കറ്റ് ക്ലബായ സസെക്സിന് വേണ്ടിയാണ് ഇശാന്ത് തകർപ്പൻ പ്രകടനം കാഴ്ചവച്ചത്.

കൗണ്ടിയിലെ അരങ്ങേറ്റ മൽസരത്തിൽ 5 വിക്കറ്റുകളാണ് ഇശാന്ത് നേടിയത്. കൗണ്ടിയില്‍ സസെക്‌സിന് വേണ്ടി കളിക്കാനിറങ്ങിയ ഈ ഡല്‍ഹി താരം 69 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. വാര്‍വിക്‌ഷെയറിനെതിരായ മൽസരത്തിലായിരുന്നു ഇശാന്തിന്റെ പ്രകടനം. ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുമാണ് ഇശാന്ത് കൊയ്തത്.

ആദ്യ ഇന്നിങ്സില്‍ വില്‍ഫ്രഡ് റോഡ്‌സിനെയും ആദം ഹോസിനേയും ടിം ആംബ്രോസിനേയും പുറത്താക്കിയ ഇശാന്ത് രണ്ടാം ഇന്നിങ്സില്‍ ജോനാഥന്‍ ട്രോട്ടിനേയും ഇയാന്‍ ബെല്ലിനേയും മടക്കി.

ഐപിഎല്‍ പതിനൊന്നാം സീസണില്‍ 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ രംഗത്തുവന്നിരുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, ഹൈദരാബാദ് സണ്‍റൈസേഴ്‌സ്, റൈസിങ് പുണെ ജയന്റ്‌സ്, കിങ്സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കായി മൽസരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ