ഐപിഎൽ 2018 ലെ താരലേലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ യുവരാജിനെ പിന്തുണച്ച് വീരേന്ദർ സെവാഗ്. യുവി ഈ സീസണിൽ മാച്ച് വിന്നറാണെന്ന് തെളിയിക്കുമെന്ന് വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. ഫിറ്റ്‌നെസും സ്ഥിരതയില്ലായ്മയും തിരിച്ചടിച്ചതോടെ ദേശീയ ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ട 36കാരനായ യുവിയെ ഐപിഎല്ലിൽ വിലകുറച്ച് കാണരുതെന്നാണ് വീരേന്ദർ സെവാഗ് വ്യക്തമാക്കിയിരിക്കുന്നത്.

സയ്യിദ് മുഷ്‌താഖ് അലി ടി20 ട്രോഫി ടൂർണ്ണമെന്റിൽ ഡൽഹിക്കെതിരെ അർദ്ധസെഞ്ചുറി നേടിയതൊഴിച്ചാൽ ഈ പഞ്ചാബ് താരത്തിന് ബാറ്റ് കൊണ്ടും ബോളു കൊണ്ടും കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണ ഇദ്ദേഹത്തെ ടീമിൽ നിലനിർത്തിയതുമില്ല.

എന്നാൽ ഇപ്പോഴത്തെ ഫോമില്ലായ്മ പ്രശ്നമാണെങ്കിലും 2011 ലെ ടി20 ലോകകപ്പിൽ മാൻ ഓഫ് ദ ടൂർണ്ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട യുവിയെ കുട്ടിക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനായാണ് കരുതപ്പെടുന്നത്. ഇതാണ് ഇപ്പോഴും യുവി തന്റെ ദിവസങ്ങളിൽ കളി ജയിപ്പിക്കാൻ ശേഷിയുള്ള താരമാണെന്ന സെവാഗിന്റെ അഭിപ്രായത്തിന് പിന്നിൽ.

“ദേശീയ ടീമിൽ ഇല്ലെന്നത് ഒരു പ്രശ്നമല്ല. ഇപ്പോഴത്തെ ഇന്ത്യൻ സംഘത്തിൽ ആർക്കും എപ്പോൾ വേണമെങ്കിലും ഫോം നഷ്ടപ്പെടാം. യുവി മികച്ച താരമാണ്. അദ്ദേഹത്തെ പോലൊരു താരം ഇനിയൊരിക്കലും ഇന്ത്യക്ക് ലഭിക്കില്ല. അദ്ദേഹത്തിന്റെ ഫോം നല്ലതാണെങ്കിൽ കളി ജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും”, സെവാഗ് പറഞ്ഞു.

ഇതുവരെ ഐപിഎല്ലിൽ 120 മത്സരങ്ങളാണ് യുവി കളിച്ചത്. 25.61 ശരാശരിയിൽ 2587 റണ്ണാണ് യുവിയുടെ സമ്പാദ്യം. 131.19 സ്ട്രൈക്ക് റേറ്റുളള താരത്തിന് പക്ഷെ സ്ഥിരതയില്ലായ്മ എപ്പോഴും വിലങ്ങായി. ഇതോടെ ഫ്രാഞ്ചൈസികൾ മാറിമാറി കളിക്കേണ്ടി വന്നു യുവിക്ക്.

2008 ൽ കിങ്സ് ഇലവൻ പഞ്ചാബിനൊപ്പം കളി തുടങ്ങിയ യുവി 2011 ൽ പുണെ വാരിയേഴ്സിലേക്ക് മാറി. എന്നാൽ 2014 ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 14 കോടിക്ക് ഇദ്ദേഹത്തെ സ്വന്തമാക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ ഡൽഹി ഡെയർഡെവിൾസ് 16 കോടിക്ക് ഇദ്ദേഹത്തെ തങ്ങളുടെ ഭാഗമാക്കി. 2016 ൽ താരലേലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇദ്ദേഹത്തെ സ്വന്തമാക്കി. 2018 ൽ പക്ഷെ വീണ്ടും താരലേലത്തിലേക്ക് തന്നെ യുവ്‌രാജ് സിങ് വീണ്ടുമെത്തിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ