വിവാഹിതനായെങ്കിലും എം.എസ്.ധോണിയോടുളള പ്രണയത്തിന് ആരാധികമാർക്ക് ഒട്ടും കുറവ് വന്നിട്ടില്ല. ഒട്ടേറെ ആരാധികമാരുടെ ഇഷ്ട താരമായ ധോണിക്ക് വീണ്ടുമൊരു പ്രണയാഭ്യർത്ഥന എത്തിയിരിക്കുന്നു. ഇത്തവണ ലൈവ് മാച്ചിനിടെയാണ് ആരാധിക ധോണിയോട് പ്രണയാഭ്യർത്ഥന നടത്തിയത്.

പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലുളള മൽസരത്തിനിടെയായിരുന്നു സംഭവം. ഗ്യാലറിയിൽ ഒരു പ്ലക്കാർഡും കൈയ്യിൽ പിടിച്ച് എഴുന്നേറ്റുനിന്ന പെൺകുട്ടിയുടെ നേർക്ക് പെട്ടെന്നാണ് ക്യാമറക്കണ്ണുകൾ തിരിഞ്ഞത്. പ്ലക്കാർഡും കൈയ്യിൽ പിടിച്ച് പെൺകുട്ടി നിൽക്കുന്ന ചിത്രം ഐസിസി അവരുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്ലക്കാർഡിൽ പെൺകുട്ടി എഴുതിയിരുന്ന വാചകമായിരുന്നു ഏവരെയും ആകർഷിച്ചത്. ”ഭാവി വരനോട് സോറി, എം.എസ്.ധോണിയാണ് എപ്പോഴും എന്റെ ആദ്യ കാമുകൻ. ഐ ലവ് യൂ മാഹി” ഇതായിരുന്നു പെൺകുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡിൽ ഉണ്ടായിരുന്നത്.

എംഎസ്.ധോണിയോട് ആരാധകർ സ്നേഹം പ്രകടിപ്പിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ മൽസരത്തിനിടയിൽ ബാറ്റിങ്ങിനായി മൈതാനത്ത് എത്തിയ ധോണിയുടെ കാലിൽ ആരാധകൻ തൊട്ട് തൊഴുന്നതിന്റെ വീഡിയോ വൈറലായിരുന്നു. കാലിൽ വീണ ആരാധകനെ പിടിച്ച് എഴുന്നേൽപ്പിച്ച് കുറച്ചു നിമിഷം സംസാരിച്ച​ ശേഷമാണ് ധോണി മടക്കി അയച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ