ക്രിക്കറ്റ് സ്വപ്നം കണ്ടു നടന്നിരുന്ന ഒട്ടേറെപ്പേരുടെ ആഗ്രഹമാണ് ഐപിഎൽ വന്നതോടെ സഫലമായത്. നിരവധി യുവതാരങ്ങൾക്ക് ഐപിഎല്ലിലൂടെ അരങ്ങേറ്റം കുറിക്കാനായി. ഇവരിൽ പലർക്കും തങ്ങളുടേതായ സ്ഥാനം ഐപിഎല്ലിൽ നേടിയെടുക്കാനും സാധിച്ചു. പല യുവാതരങ്ങൾക്കും ഒട്ടേറെ കഥകളും പറയാനുണ്ട്. മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബോളറായ കുൽവന്ത് കെജ്റോലിയയ്ക്കും ഒരു കഥ പറയാനുണ്ട്.

ക്രിക്കറ്റിലേക്ക് വരുന്നതിനു ഒരു വർഷം മുൻപ് കുൽവന്ത് ഗോവയിലെ റസ്റ്ററന്റിൽ വെയ്റ്ററായി ജോലി ചെയ്യുകയായിരുന്നു. പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല കുൽവന്ത്. പഠിത്തം കഴിഞ്ഞ് നല്ലൊരു ജോലിക്കായി ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. വീട്ടിൽ കഷ്ടപ്പാടായതിനാൽ എത്രയും പെട്ടെന്ന് ഒരു ജോലിക്ക് ചേർന്ന് കുടുംബത്തെ നോക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. കുൽവന്തിലെ ക്രിക്കറ്റ് കളിക്കാരനെ തിരിച്ചറിയുന്നത് സുഹൃത്താണ്. ക്രിക്കറ്റ് പ്രൊഫഷനായി തിരഞ്ഞെടുക്കണമെന്ന് സുഹൃത്താണ് ഉപദേശിച്ചത്. അങ്ങനെ ഡൽഹിയിലേക്ക് വണ്ടി കയറി. ഇക്കാര്യം കുൽവന്ത് മാതാപിതാക്കളോട് പറഞ്ഞില്ല. സുഹൃത്തിന്റെ ട്രാൻസ്പോർട്ട് ബിസിനസിൽ പങ്കാളിയാകുന്നതിനായി അഹമ്മദാബാദിലേക്ക് പോകുന്നുവെന്നാണ് അവരോട് പറഞ്ഞത്.

ഡൽഹിയിലെത്തിയ കുൽവന്ത് എൽബി ശാസ്ത്രി ക്ലബിൽ ചേർന്നു. ഗൗതം ഗംഭീർ, നിതീഷ് റാണ, ഉൻമുക്ത് ചന്ദ് തുടങ്ങിയ താരങ്ങളെ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചത് ഈ ക്ലബായിരുന്നു. അവിടെ വച്ചാണ് കോച്ച് സഞ്ജയ് ഭരദ്വാജിനെ കുൽവന്ത് പരിചയപ്പെടുന്നത്. ആ സമയത്ത് നല്ലൊരു ഷൂസ് പോലും കുൽവന്തിന് ഇല്ലായിരുന്നു. ഒരിക്കൽ കുൽവന്തിന്റെ ഷൂ കണ്ട കോച്ച് ഇതിനെക്കുറിച്ച് ചോദിച്ചു. കുൽവന്ത് തന്റെ കഥ കോച്ചിനോട് പറഞ്ഞു. കോച്ച് സഞ്ജയ് കുൽവന്തിനെ അവിടുത്തെ ഹോസ്റ്റലിൽ താമസിക്കാൻ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ കീഴിൽ പരിശീലനവും തുടങ്ങി. രാവിലെ മുഴുവൻ ഗ്രൗണ്ടിൽ പരിശീലനം നടത്തും. വൈകിട്ട് ജിമ്മിൽ പോകും. ഇടംകൈയ്യൻ പേസറായി കുൽവന്തിനെ വളർത്തിയെടുത്തത് കോച്ച് സഞ്ജയ് ആണ്.

kulwant, ipl

‘ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കടപ്പെട്ടിരിക്കുന്നത് കോച്ച് സഞ്ജയ് ഭരദ്വാജിനോട്. അദ്ദേഹം സ്വന്തം മകനെപ്പോലെയാണ് എന്നെ കണ്ടത്. എനിക്ക് മികച്ച പരിശീലനം നൽകി. ഇന്ന് എന്റെ ഗ്രാമവും ഗ്രാമവാസികളും എന്നിൽ അഭിമാനം കൊള്ളുന്നു’- കുൽവന്തിന്റെ വാക്കുകൾ.

കുൽവന്തിന്റെ ആദ്യ ഐപിഎൽ സീസൺ ആണിത്. 10 ലക്ഷത്തിനാണ് മുംബൈ ഇന്ത്യൻസ് കുൽവന്തിനെ സ്വന്തമാക്കിയത്. പക്ഷേ കുൽവന്തിന് ഇതുവരെ ഈ സീസണിൽ ഒരു കളി പോലും കളിക്കാനായിട്ടില്ല എന്നത് ദുഃഖരമായ വസ്തുതയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ