ഐപിഎൽ​ താരലേലത്തിൽ വന്പൻ താരങ്ങളെക്കൂടാതെ ചില കുഞ്ഞൻ​ താരങ്ങളും അണിനിരക്കുന്നുണ്ട്. റെക്കോർഡുകളുടെ കണക്കുകൾ​ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതരായ താരങ്ങളാണ് ഇവർ. ക്രിക്കറ്റിലെ പുതുശക്തികളായി ഉയർന്നുവരുന്ന അഫ്ഗാനിസ്ഥാന്റെ 5 താരങ്ങളാണ് നാളെ നടക്കുന്ന താരലേലത്തിൽ അണിനിരക്കുന്നത് . അഫ്ഗാൻ ദേശീയ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച 5 താരങ്ങളാണ് ഇവർ. പരിചയപ്പെടാം ഇവരെ..

മുഹമ്മദ് ഷെഹ്‌സാദ്

അഫ്ഗാനിസ്ഥാനായി ഏകദിന ലോകകപ്പിലും , ട്വന്റി-20 ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മുഹമ്മദ് ഷെഹ്സാദ്. വിക്കറ്റ് പിന്നിൽ സുരക്ഷിതമായ കരങ്ങൾ​ ഉള്ള ഷെഹ്സാദ് സ്ഫോടനാത്മക ബാറ്റിങ്ങിന് ഉടമയാണ്. 55 ട്വന്റി-20 മത്സരത്തിൽ 136 ന് മുകളിലാണ് ഷെഹ്സാദിന്റെ സ്ട്രൈക്ക് റേറ്റ്.

മുഹമ്മദ് നബി

അഫ്ഗാനിസ്ഥാന്റെ സ്പിൻ കരുത്താണ് 32 വയസ്സുകാരനായ മുഹമ്മദ് നബി. ലോകോത്തര നിലവാരമുള്ള നബിയുടെ പ്രകടനത്തെപ്പറ്റി മികച്ച അഭിപ്രായമാണ് ക്രിക്കറ്റ് നിരീഷകർക്ക് ഉള്ളത് . ബാറ്റ് കൊണ്ട് ഒരു കൈ നോക്കാനും നബിക്ക് കഴിയും. ഔൾറൗണ്ടർമാർക്ക് വേണ്ടി വലവിരിക്കുന്ന ഐപിഎൽ ടീം ഉടമകൾ മുഹമ്മദ് നബിയുടെ പേര് പരിഗണിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ദൗലത്ത് സർദ്ദാൻ

145 കിലോ മിറ്റർ വേഗതയിൽ പന്തെറിയുന്ന ബൗളറാണ് ദൗലത്ത് സർദ്ദാൻ. അഫ്ഗാനിസ്ഥാൻ ദേശീയ ടീമിലെ സ്ഥിരാംഗമായ സർദ്ദാൻ 2014 ൽ​ ഇന്ത്യയിൽ നടന്ന ട്വന്റി-20 ലോകകപ്പിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.പാക്ക് ഇതിഹാസം വഖാർ യൂനിസുമായി സർദ്ദാനെ താരതമ്യം ചെയ്യുന്നവരും ഉണ്ട്.

റാഷിദ് ഖാൻ

ട്വന്റി-20 ക്രിക്കറ്റിലെ ബൗളർമാരുടെ റാങ്കിങ്ങിൽ​ അഞ്ചാം സ്ഥാനത്തുള്ള റാഷിദ് ഖാൻ ഇന്ത്യൻ പിച്ചുകൾക്ക് അനുയോജ്യനായ ബൗളറാണ്. റൺ വഴങ്ങുന്നതിൽ പിശുക്ക് കാണിക്കുന്ന റാഷിദ് ഖാൻ വിക്കറ്റുകൾ വീഴ്ത്തുന്നതിലും വിദഗ്ധനാണ്. മികച്ച സ്പിന്നർമാർക്കായി വലവിരിക്കുന്ന ടീമുകൾ​ റാഷിദ് ഖാന്റെ പേര് പരിഗണിക്കാനുളള സാധ്യത ഏറെയാണ്.

അഷ്ഗർ സ്റ്റൻഗ്സായി

അഫ്ഗാനിസ്ഥാൻ ദേശിയ ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ​ ആണ് അഷ്ഗർ സ്റ്റൻഗ്സായി. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അഷ്ഗർ ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണ്ണമെന്റായ ഐപിഎല്ലിൽ കളിക്കാമെന്ന പ്രീതീക്ഷയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ