തിരുവനന്തപുരം: പരുക്കിന്റെ പിടിയിൽ കഴിയുന്ന ട്രിപ്പിൾ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ ചികിത്സ ചിലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. കായിക മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് അർജുന അവാർഡ് ജേതാവായ രഞ്ജിത് മഹേശ്വരിക്ക് പരുക്കേൽക്കുന്നത്.

മാർച്ച് ഏഴിന് പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനിടെയാണ് രഞ്ജിത്തിന് പരുക്കേറ്റത്. ട്രിപ്പിൾ ജംപ് മൽസരത്തിനിടെ ജംപിങ് പിറ്റിന് പുറത്ത് വീണാണ് താരത്തിന് പരുക്കേറ്റത്. താരത്തെ ഉടൻ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം കോട്ടയം ചാന്നാനിക്കാട്ടെ വീട്ടിൽ വിശ്രമത്തിലാണ് താരം.

സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇന്ന് രഞ്ജിത് മഹേശ്വരിയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് താരത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുക്കുന്നതായി എ.സി.മൊയ്തീൻ അറിയിച്ചത്. ചികിത്സയ്ക്കായി ഇതിനകം തന്നെ മൂന്നുലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്.

2010ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ രഞ്ജിത് മഹേശ്വരി വെങ്കലം നേടിയിരുന്നു. 2007ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും 2013 ൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെളളിയും നേടിയിട്ടുണ്ട് ഇന്ത്യയുടെ അഭിമാന താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ