തായ്‌ലൻഡ്: ഐസ് ഹോക്കി എന്ന മത്സരത്തെപ്പറ്റി ഇന്ത്യക്കാർക്ക് വല്യയ അറിവൊന്നും ഉണ്ടാവില്ല. ഐസ് ഹോക്കി മത്സരത്തിന്റെ വീഡിയോ യുട്യൂബിൽ കണ്ടിട്ടുള്ളവരും കുറവായിരിക്കും. എന്നാൽ ഐസ് ഹോക്കിയിൽ പുതിയ നേട്ടങ്ങൾ കൊയ്യാനാൻ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം.
ഐസ് കട്ടകൾക്കൊണ്ട് ഒരുക്കിയ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ കരുത്ത് അറിയിക്കാൻ എത്തുന്നത് ഇന്ത്യയുടെ വനിതാ ടീമാണ്. തായ്‌ലൻഡിൽ നടന്ന ചലഞ്ച് കപ്പ് ഓഫ് ഏഷ്യ ടൂർണ്ണമെന്രിൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര വിജയം കൊയ്തുകൊണ്ടാണ് ഇന്ത്യൻ വനിതകൾ ചരിത്രം കുറിച്ചിരിക്കുന്നത്. ഐസ് ഹോക്കിയിലെ കരുത്തരായ ഫിലിപ്പീൻസിനെ 3എതിരെ 4 ഗോളുകൾക്ക് അട്ടിമറിച്ചാണ് ഇന്ത്യൻ പെൺകോടികൾ വാർത്തകളിൽ ഇടം പിടിച്ചത്.

അവഗണനകളുടെ കല്ലും മുള്ളും ചവിട്ടിയാണ് ഇന്ത്യയുടെ ഐസ് ഹോക്കി ടീം തങ്ങളുടെ കരുത്ത് അറിയിച്ചത്. പരിശീലനത്തിനായി ഒരു നല്ല മൈതാനം പോലും ഇല്ലാതിരുന്ന ടീം 2016 ലാണ് തങ്ങളുടെ അരങ്ങേറ്റം നടത്തിയത്.​ആദ്യ മത്സരത്തിൽ എതിരാളികളോട് മറുപടി ഇല്ലാത്ത 39 ഗോളുകൾക്ക് തോൽക്കാനിയിരുന്നു ഇന്ത്യൻ ടീമിന്റെ വിധി.

എന്നാൽ തലകുനിച്ച് നാട്ടിലേക്ക് എത്തിയ ടീമിനെ സഹായിക്കാൻ 3000ത്തോളം പേർ രംഗത്ത് എത്തി. അവർ പിരിച്ചെടുത്ത 32 ലക്ഷം രൂപകൊണ്ട് ടീം പരിശീലനത്തിനായി വിദേശത്തേക്ക് പോയി. ഐസ് ഹോക്കി ഗൗണ്ടിൽ കഠിന പരിശീലനം നടത്തിയ ടീം തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി.
പിന്നീട് നടന്ന ആദ്യ പ്രധാന മത്സരമായിരുന്നു തായ്ലൻഡിൽ നടന്ന ചലഞ്ച് കപ്പ് . ആദ്യ മത്സരത്തിൽ യുഎഇയോട് ഏകപക്ഷീയമായ 1 ഗോളിന് തോറ്റു. പക്ഷെ രണ്ടാം മത്സരത്തിൽ കളിമാറി കരുത്തരായ ഫിലിപ്പീൻസിനെ മുട്ടുകുത്തിച്ച് ഇന്ത്യൻ വനിതകൾ കരുത്തറിയിച്ചു.

ഇന്ത്യയിലെ ലഡാക്കിലാണ് ടീമിന്റെ പരിശീലനം നടക്കുന്നത്. ഇന്ത്യയുടെ പുരുഷ ടീമും ഇവിടെത്തന്നെയാണ് പരിശീലനം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ