കൊച്ചി : നാലാം സീസണില്‍ എത്തിനില്‍ക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏറെ പുതുമകളെയും അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സീസണ്‍ വരെയുണ്ടായിരുന്ന ഒരേസമയം ആറു വിദേശ താരങ്ങള്‍ എന്ന നിയമത്തില്‍ വന്ന ഭേദഗതിയാണ് ആദ്യത്തേത്. ഈ വര്‍ഷം മുതല്‍ ക്ലബ്ബുകള്‍ക്ക് ഒരേസമയം അഞ്ച് വിദേശ താരങ്ങളെ മാത്രമേ മൈതാനത്തിലിറക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് അവസരം ഒരുക്കും എന്നത് തീര്‍ച്ചയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഈ വര്‍ഷത്തെ ലീഗില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെ. എന്നാല്‍ കഴിഞ്ഞ സീസണുകളില്‍ കളിച്ചതും കളിക്കാത്തതുമായ ചില മികച്ച ഇന്ത്യന്‍ താരങ്ങളേയും, തങ്ങളുടെ കരിയറിലെ സിംഹഭാഗവും ഇന്ത്യയില്‍ ചിലവിട്ടതായ പ്രഗത്ഭരായ ചില വിദേശ താരങ്ങളേയും സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് സാധിച്ചിട്ടില്ല. ഐ ലീഗോ ഐഎസ്എല്ലോ ഇന്ത്യയുടെ ടോപ്പ് ലീഗ് എന്ന ചോദ്യം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഐ ലീഗ് ക്ലബ്ബുകള്‍ക്കായി ബൂട്ടണിയുന്ന ഈ മികവുറ്റ താരങ്ങളേയും ഓര്‍ക്കേണ്ടതുണ്ട്. അവരില്‍ പലരും ഐഎസ്എല്ലിന്‍റെ നഷ്ടങ്ങള്‍ കൂടിയാണ്.

മുഹമ്മദ്‌ റഫീഖ്

ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവാത്ത പേരാണ് മുഹമ്മദ്‌ റഫീഖിന്‍റെത്. 90ാം മിനുട്ടില്‍ റഫീഖിന്‍റെ ബൂട്ടില്‍ നിന്നും പിറന്ന ഗോളാണ് 2014ലെ ഐഎസ്എല്‍ കിരീടം കേരളത്തിനു നഷ്ടപ്പെടുത്തിയത്. മിഡ്ഫീല്‍ഡിലും മുന്നേറ്റ നിരയിലും ഒരുപോലെ തിളങ്ങാവുന്ന റഫീഖ് കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടിയാണ് ബൂട്ടണിഞ്ഞത്.

കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഇന്ത്യന്‍ ജെഴ്സിയിലും സ്ഥിരസാന്നിദ്ധ്യമാണ് ഈ ഇരുപത്തിയഞ്ചുകാരന്‍. ഐലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ് ഈ സീസണില്‍ റഫീഖ് കളിക്കുന്നത്.

Read More : ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ പത്ത് വിദേശ താരങ്ങള്‍ ആരൊക്കെ ?

മഹ്മൂദ് അല്‍ അംന

മഹ്മൂദ് അല്‍ അംന വലത്തേ അറ്റത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം കരസ്ഥമാക്കിയ ലെയിസിസ്റ്റര്‍ സിറ്റിയുടെ ജൈത്രയാത്രയ്ക്ക് സമാനമാണ് 2016-17 സീസണില്‍ ഐ ലീഗ് നേടിയ ഐസ്വാല്‍ എഫ്സിയുടെ പ്രകടനം. ഇന്ത്യന്‍ ക്ലബ് ഫുട്ബാളിലെ അതികായന്മാരായ മോഹന്‍ ബഗാനേയും ഈസ്റ്റ് ബംഗാളിനേയും ബെംഗളൂരു എഫ്സിയേയും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ഈ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ചത് സിറിയന്‍ ഇന്‍റര്‍നാഷണലാണ്. ഖാലിദ് ജമീല്‍ എന്ന ഇന്ത്യന്‍ കോച്ച് തന്‍റെ ടീമിനെ കോര്‍ത്തിണക്കിയത് മഹ്മൂദ് അംനയ്ക്ക് ചുറ്റുമായിരുന്നു. സ്വന്തം പേരില്‍ രണ്ട് ഗോളുകള്‍ ചേര്‍ക്കുവാനും ഏതാനും ഗോളുകള്‍ക്ക് വഴിയൊരുക്കുവാനും അംനയ്ക്ക് കഴിഞ്ഞു. സിറിയന്‍ ദേശീയ താരമായ അംന ഈ സീസണില്‍ കളിക്കുന്നത് ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ്.

 

സലാം രഞ്ജന്‍ സിങ്

ഇരുപത്തിയൊന്നുകാരനായ ഈ മണിപ്പൂര്‍കാരന്‍ ഇന്ത്യ ഏറെ പ്രതീക്ഷപുലര്‍ത്തുന്ന ഡിഫണ്ടറാണ്. 2013-15 വരെയുള്ള രണ്ടു സീസണില്‍ പൂനെ എഫ്സിയ്ക്ക് വേണ്ടി കളിച്ച ശേഷമാണ് സലാം ലോണടിസ്ഥാനത്തില്‍ ബെംഗളൂരു എഫ്സിയിലേക്ക് ചേക്കേറുന്നത്. ഫെഡറേഷന്‍ കപ്പിലും എഎഫ്സി കപ്പിലും ക്ലബ്ബിനായി കളിച്ച സലാം അതേ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് എഫ്സിക്ക് വേണ്ടി കളിച്ചുകൊണ്ട് ഐഎസ്എല്ലില്‍ അരങ്ങേറിയെങ്കിലും അധികം അവസരങ്ങള്‍ അദ്ദേഹത്തെ തേടി വന്നില്ല. കഴിഞ്ഞ സീസണില്‍ ബെംഗളൂരു പാളയത്തിലേക്ക് മടങ്ങിയെത്തിയ സലാം ബെംഗളൂരു പ്രതിരോധത്തിലെ നിറസാന്നിദ്ധ്യമായിരുന്നു. സെന്‍റര്‍ ബാക്കായി കളിക്കുന്ന സലാമിനു ബംഗളൂരു ജേഴ്സിയില്‍ ഒരു ഗോളും നേടാന്‍ കഴിഞ്ഞു. ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്ന സലാം കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ സീനിയര്‍ ടീമിലും അംഗമാണ്. ഈ സീസണില്‍ ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ് സലാം കളിക്കാനിറങ്ങുന്നത്.

 

നിഖില്‍ പൂജാരി

സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റ്റൈനിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ മുംബൈക്കാരന്‍ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ ക്യാമ്പിലുണ്ട്. മുംബൈ എഫ്സിയുടെ കണ്ടെത്തലായി ഈ ഇരുപത്തിരണ്ടുകാരന്‍ നിലവില്‍ ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ് കളിക്കുന്നത്. അക്രമനിരയിലും മധ്യനിരയിലും തിളങ്ങുന്ന ഈ താരം ഇന്ത്യന്‍ ഫുട്ബാളിനോര് വാഗ്ദാനമാണ്.

 

കട്ട്സൂമി യൂസ

2013ലാണ് കട്ട്സൂമി യൂസ എന്ന ജപ്പാന്‍ വംശജന്‍ ഇന്ത്യയിലെത്തുന്നത്. ഒഎന്‍ജിയില്‍ കരിയര്‍ ആരംഭിച്ച യൂസ പിന്നീട് മോഹന്‍ ബാഗാനിലേക്ക് ചേക്കേറി. ഏറെക്കാലം മോഹന്‍ ബഗാന്‍ നായകനായ കട്സൂമി യൂസ വിങ്ങുകളിലും മധ്യനിരയിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും പയറ്റിതെളിയിച്ചിട്ടുണ്ട്. ഏറെ സാങ്കേതിക തികവുള്ള യൂസയുടെ കാലുകളില്‍ വിശ്വാസമര്‍പ്പിച്ച് മാത്രം മോഹന്‍ ബഗാന്‍ വിജയത്തിലേറിയ അവസരങ്ങള്‍ നിരവധിയാണ്. നോര്‍ത്ത് ഈസ്റ്റ് എഫ്സിക്ക് വേണ്ടി കളിച്ചു കൊണ്ട്
ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു എങ്കിലും യൂസയുടെ മികവിനെ മുതലെടുക്കാന്‍ ഐഎസ്എല്ലിനു സാധിച്ചില്ല എന്ന് വേണം പറയാന്‍. മോഹന്‍ ബഗാനുമായി കരാറു തീര്‍ന്ന യൂസ ഈ സീസണില്‍ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനുവേണ്ടിയാണ് ബൂട്ടണിയുന്നത്.

കട്ട്സൂമി യൂസയും സോണി നോര്‍ഡെയും (ഇടത്തുനിന്നും വലത്തോട്ട്)

ബംഗ്ലാദേശ് ലീഗിലൂടെ ഏഷ്യന്‍ ഫുട്ബോള്‍ ലോകത്തേക്കെത്തിയ ഈ ഹൈത്തിയന്‍ ദേശീയ താരം ഐലീഗില്‍ മോഹന്‍ ബാഗാന്‍റെ ജെഴ്സിയിലാണ് ഇന്ത്യയിലെത്തുന്നത്. വിങ്ങുകളില്‍ എണ്ണയിട്ട യന്ത്രം പോലെ കുതിക്കുന്ന നോര്‍ഡെ ഏതൊരു പ്രതിരോധസഖ്യത്തിനും പേടി സ്വപ്നമാണ്. 2015-16 വര്‍ഷങ്ങളില്‍ ഐഎസ്എല്ലിലും ബൂട്ടണിഞ്ഞ നോര്‍ഡെയ്ക്ക് നാല് ഗോളുകളും നാല് അസിസ്റ്റും സ്വന്തം പേരില്‍ കുരിക്കാനായി. ഇപ്പോഴും മികച്ച ഫോമില്‍ തന്നെ തുടരുന്ന ഈ ഇരുപത്തിയെട്ടുകാരന്‍ റിക്കോഡ്‌ തുകയ്ക്കാണ് ഐഎസ്എല്‍ ക്ലബ്ബായ മുംബൈ സിറ്റിയില്‍ നിന്നും തന്‍റെ പഴയ തട്ടകമായ മോഹന്‍ ബഗാനിലേക്ക് മടങ്ങിപോയിരിക്കുന്നത്.

Read More : കേരളാ ഫുട്ബോളിന് താങ്ങാവാന്‍ താങ്ബോയി- ബ്ലാസ്റ്റേഴ്സ് കോച്ച് സംസാരിക്കുന്നു

അര്‍ണാബ് മോണ്ടാല്‍

ഇന്ത്യന്‍ ദേശീയ ടീമിന്‍റെ ജേഴ്സിയില്‍ ഇരുപത്തിയഞ്ച് കളികള്‍ കളിച്ചിട്ടുള്ള ഈ താരം രാജ്യത്തെ ഏറ്റവും മികച്ച ഡിഫണ്ടര്‍മാരില്‍ ഒരാളാണ്. പതിനേഴാം വയസ്സില്‍ മുഹമദന്‍സിലൂടെ പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് അരങ്ങേറിയ അര്‍ണാബ് യുണൈറ്റഡ് എഫ് സി, പ്രയാഗ് യുണൈറ്റഡ് ഈസ്റ്റ് ബംഗാള്‍ എന്നീ ക്ലബ്ബുകള്‍ക്കായി ഐ ലീഗിലും അറ്റ്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്കായി ഐലീഗിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ഏറെ സമയമനത്തോടെ വിജയകരമായ ക്ലിയറന്‍സുകള്‍ നടത്തുന്ന അര്‍ണാബ് ഏതൊരു പ്രതിരോധ നിറയ്ക്കും മുതല്‍ക്കൂട്ടാണ്. ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ് അര്‍ണാബ് ഈ സീസണ്‍ കളിക്കുന്നത്.

 

ഡേവിഡ് ലാല്‍റിന്‍മുവാന
 ഇന്ത്യന്‍ ഫുട്ബോളിനു ഏറെ ലഭിക്കാനുണ്ട് മിസോറാമില്‍ നിന്നുമുള്ള പ്രതിഭാധനനായ ഈ മിഡ്ഫീല്‍ഡറില്‍ നിന്ന്. സെന്‍റര്‍ മിഡ്ഫീല്‍ഡിലും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും ഒരുപോലെ തിളങ്ങുന്ന ലാല്‍റിന്‍മുവാന അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല എന്ന്‍ പറയുന്നത് അതിശയോക്തിക്കല്ല. 2013ല്‍ ഓഎന്‍ജിസിയിലൂടെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച ലാല്‍റിന്‍മുവാന പിന്നീട് സ്വന്തം നാട്ടിലെ ക്ലബ്ബായ ഐസ്വാളിലേക്ക് ചേക്കേറുകയായിരുന്നു. ഐസ്വാളിന്‍റെ മുന്നേറ്റങ്ങലിലൊക്കെ തന്‍റെതായ പങ്കുവഹിച്ച ഈ ഇരുപത്തിനാല് കാരന്‍ ഏറെ കാലം ഐസ്വാള്‍ എഫ്സിയുടെ നായക സ്ഥാനവും അലങ്കരിച്ചു. 2016ല്‍ മുംബൈ എഫ്സിയിലൂടെ ഐഎസ്എല്ലിലും അരങ്ങേറിയ ലാല്‍റിന്‍മുവാനയ്ക്ക് എന്നാല്‍ രണ്ടേരണ്ടു കളിയില്‍ മാത്രമാണ് അവസരം ലഭിച്ചത്. തിരിച്ച് ഈസ്റ്റ് ബംഗാളിലൂടെ ഐ ലീഗിലേക്ക് മടങ്ങിയെത്തിയ ലാല്‍റിന്‍മുവാന ഈ സീസണ്‍ കളിക്കുന്നത് തന്‍റെ പ്രിയപ്പെട്ട ക്ലബ്ബായ ഐസ്വാളിനു വേണ്ടി തന്നെ.

Read More : ‘ഒരൊറ്റ രാജ്യം, ഒരൊറ്റ ലീഗ്’ ഐഎസ്എല്ലും ഐലീഗും ലയിക്കുമോ ?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ