ധാംബുള്ള: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ആദ്യ ഏകദിനത്തിലും ഇന്ത്യയ്ക്ക് മികച്ച വിജയം. ശിഖർ ധവാന്റെ സെഞ്ച്വറിയുടേയും നായകാൻ വിരാട് കൊഹ്ലിലുടെ അർദ്ധ സെഞ്ച്വറിയുടെയും കരുത്തിൽ ഒമ്പത് വിക്കറ്റിനാണ് ലങ്കയെ തകർത്തത്. ശ്രീലങ്ക ഉയർത്തിയ 217 റൺസെന്ന് വിജയലക്ഷ്യം ഇന്ത്യ 28 ഓവറിൽ മറികടന്നു.

അഞ്ചാം ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ട ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 13 പന്തില്‍ നാല് റണ്‍സായിരുന്നു രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ധവാന്‍ 90 പന്തില്‍ 20 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 132 റണ്‍സും കോലി 70 പന്തില്‍ 10 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 82 റണ്‍സും നേടി. ഇരുവരും രണ്ടാം വിക്കറ്റില്‍ പുറത്താവാതെ 197 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടിട്വന്റി ശൈലിയില്‍ ബാറ്റു വീശിയ ധവാന്‍ തന്റെ ഏകദിന കരിയറിലെ 11-ാം സെഞ്ചുറിയാണ് ധാംബുള്ളയില്‍ പിന്നിട്ടത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ ഇന്ത്യൻ സ്പിന്നർമാർ എറിഞ്ഞിടുകയായിരുന്നു. സ്പിന്നർമാർ ചേർന്ന് ഏഴു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ 41.3 ഓവറിൽ ശ്രീലങ്ക പുറത്തായി.

മികച്ച തുടക്കമാണ് ലങ്കക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഡിക്ക്‌വെല്ലയും ഗുണതിലകയും 74 റണ്‍സിന്റെ മികച്ചൊരു കൂട്ടുകെട്ടാണ് തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 139ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ഡിക്കവെല്ലയെ കേദാര്‍ ജാദാവ് മടക്കി. 74 പന്തില്‍ നിന്നും 64 റണ്‍സായിരുന്നു ഡിക്ക്‌വെല്ലയുടെ സമ്പാദ്യം.

പിന്നീടെത്തിയ ലങ്കന്‍ നിരയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. മെന്‍ഡിസ് 36 റണ്‍സിന് പുറത്തായതിന് പിന്നാലെ ലങ്കയുടെ വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ വീണു. 50 റണ്‍സ് എടുക്കുന്നതിനിടയില്‍ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ തിരിച്ചെത്തി.

ലങ്കന്‍ നിരയില്‍ അവസാനത്തെ ആറ് ബാറ്റസ്മാര്‍ രണ്ടക്കം കാണാതെ കളം വിട്ടു. 36 റണ്‍സുമായി മാത്യൂസ് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്നും, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹല്‍, കേദര്‍ ജാദവ് രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ