വനിതാ ക്രിക്കറ്റില്‍ റെക്കോര്‍ഡ് പ്രകടനവുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. ത്രിരാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനം. ട്വന്റി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന താരമായാണ് മന്ദാന മാറിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയ്ക്കെതിരെ നേടിയ തന്റെ തന്നെ റെക്കോര്‍ഡിനെയാണ് താരം മറികടന്നത്.
അതേസമയം വനിതാ ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ച്വറി ന്യൂസിലാന്റ് താരം സോഫി ഡെവിന്റെ പേരിലാണ്. വെറും 18 പന്തില്‍ നിന്നുമാണ് സോഫി 50 കടന്നത്. 12 ഫോറും രണ്ട് സിക്സുമടക്കം 40 പന്തില്‍ നിന്നും 76 റണ്‍സുമായാണ് മന്ദാന ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
ആദ്യ രണ്ട് ഓവറില്‍ പതുങ്ങി നിന്നതിന് ശേഷം ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു മന്ദാന. മൂന്നാമത്തെ ഓവറില്‍ തുടരെ തുടരെയായി രണ്ട് ഫോറും ഒരു സിക്സും നേടിയാണ് താരം വെടിക്കെട്ടിന് തിരികൊളുത്തിയത്. അര്‍ധസെഞ്ച്വറി നേടിയ മിതാലി രാജ് മന്ദാനയ്ക്ക് മികച്ച പിന്തുണയും നല്കി.
എന്നാല്‍ മന്ദാനയുടേയും മിതാലിയുടേയും പ്രകടനത്തെ മുതലെടുക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചില്ല. ഇന്ത്യയുയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം സെഞ്ച്വറി നേടിയ ഡാനിയേല വയറ്റിന്റെ പ്രകടനത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ട് അനായാസം മറികടക്കുകയായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
24 പന്തില്‍ നിന്നും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ വയറ്റ് 52ാം പന്തില്‍ സെഞ്ച്വറിയും നേടി. 124 റണ്‍സ് നേടിയ വയറ്റിന്റെ രണ്ടാമത്തെ ട്വന്റി-20 സെഞ്ച്വറിയാണ് ഇത്. ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരമാണ് വയറ്റ്. വിന്‍ഡീസ് താരം ഡോട്ടിന് മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ട്വന്റി-20 സെഞ്ച്വറിയാണ് വയറ്റിന്റേത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ