ന്യൂഡൽഹി: ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റ് സമനിലയിൽ. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റും സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിക്കുന്ന രണ്ടാമത്തെ ടീമെന്ന ലോകറെക്കോർഡ് നേട്ടത്തിന് ഇന്ത്യ അർഹരായി.

തുടർച്ചയായി ഒൻപത് ടെസ്റ്റ് പരമ്പരകളാണ് കോഹ്‌ലിയും സംഘവും സ്വന്തമാക്കിയത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. 2005 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ വിജയിച്ച ഓസ്ട്രേലിയയുടെ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. 2015 ല്‍ ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെയാണ് ഇന്ത്യ അജയ്യമായി മുന്നേറാന്‍ തുടങ്ങിയത്. അന്ന് തൊട്ട് ഒരൊറ്റ ടെസ്റ്റ് മത്സരങ്ങളിലും തോല്‍വി നുണഞ്ഞിട്ടില്ല.

മൂന്ന് വിക്കറ്റിന് 31 എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ലങ്ക, ഇന്ത്യൻ ബോളർമാരെ സമർത്ഥമായി നേരിട്ടു. ലങ്കയ്ക്ക് വേണ്ടി ധനഞ്ജയ ഡിസിൽവ സെഞ്ചുറി നേടി. അവസാന ദിനം രണ്ട് വിക്കറ്റുകൾ മാത്രമാണ് ലങ്ക നഷ്ടപ്പെടുത്തിയത്. സാവധാനം ബാറ്റ് വീശിയ ലങ്കൻ താരങ്ങൾ 299 ന് 5 എന്ന നിലയിൽ എത്തിയപ്പോഴാണ് മത്സരം സമനിലയിൽ പിരിയാൻ ഇരു ടീമുകളും തമ്മിൽ ധാരണയായത്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ വിരാട് കോഹ്‌ലിയുടെ ഇരട്ടസസെഞ്ചുറി കരുത്തിൽ 536 റൺസ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് 373 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.

പിന്നാലെ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റിന് 246 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. ഇന്ന് ഏഴ് വിക്കറ്റും വീഴ്ത്തി വിജയം കൊയ്യാനിറങ്ങിയ ഇന്ത്യൻ ബോളർമാരെ മികച്ച രീതിയിൽ ബാറ്റ് വീശിയാണ് ലങ്ക തോൽപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ