ഇന്ത്യന്‍ കുന്തമുനയായ ജസ്പ്രീത് ബുമ്രാണ് ഇപ്പോള്‍ ട്വിറ്ററിലെ ചൂടുളള ചര്‍ച്ചാ വിഷയം. സിക്സ് പാക്ക് വെളിവാക്കുന്ന ചിത്രമാണ് ബുമ്ര പങ്കുവെച്ചത്. മെച്ചപ്പെടാന്‍ കഠിനാധ്വാനവും സമര്‍പ്പണവും വേണമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

ചിത്രം അപ്ലോഡ് ചെയ്തതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചും മാറ്റത്തില്‍ അത്ഭുതപ്പെട്ടും ആരാധകരെത്തി. താരത്തിന്റെ പുതിയ അവതാരത്തെ പുകഴ്ത്തിയായിരുന്നു മറുപടികള്‍ ഏറേയും. 2019ലെ ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍​ടീമില്‍ ഫോമിനേക്കാളും ഫിറ്റ്നസിന് പ്രാധ്യാന്യം നല്‍കുന്നതായുളള വിവരം പുറത്തുവന്നിരുന്നു. ടീമില്‍ നിലനില്‍ക്കാന്‍ ഫിറ്റ്നസില്ലാതെ പറ്റില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഫോട്ടോ കൂടാതെ ഭാരം ഉയര്‍ത്തുന്ന വീഡിയോയും ബുമ്ര പങ്കു വെച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ നായകന്‍ വിരാട് കോഹ്ലിയും ഹര്‍ദിക് പാണ്ഡ്യയുമൊക്കെ ഫിറ്റ്നസിനായി ഏറെ പരിശ്രമിക്കുന്നവരാണ്. ഇതില്‍ കോഹ്ലിയുടെ ജീവിതരീതി ഏറെ ജനപ്രിയത പിടിച്ചു പറ്റിയതുമാണ്.
നിലവില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയുടെ തിരക്കിലാണ് ഇന്ത്യ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മഴമൂലം 4 മണിക്കൂറോളം വൈകിയാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങിയത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

കെ.എൽ.രാഹുലും ശിഖർ ധവാനും ആയിരുന്നു ഓപ്പണർമാരായി ഇറങ്ങിയത്. തുടക്കത്തിൽതന്നെ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ലങ്കൻ ബോളർമാർ സമ്മർദ്ദത്തിലാഴ്ത്തി. ആദ്യ ബോളിൽതന്നെ രാഹുലിനെ ലങ്കൻ പേസർ സുരങ്ക ലക്മാൽ പുറത്താക്കി. പിന്നാലെ മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ