കേപ്ടൗൺ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 77 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 285 റൺസ് പിന്തുടർന്ന ഇന്ത്യ 209 റൺസിന് പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ഫിലാണ്ടറും റബാഡയുമാണ് ഇന്ത്യയെ തകർത്തത്. 93 റൺസ് നേടിയ ഹർദ്ദിഖ് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

നേരത്തെ 29/3 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 57ല്‍ നെില്‍ക്കെ റബാഡയുടെ പന്തില്‍ എല്‍ബി വിക്കറ്റിന് കുടുങ്ങുകയായിരുന്നു രോഹിത്ത്. പിന്നീട് 26 റണ്‍ടുത്ത പൂജാര പിലാന്തറുടെ പന്തില്‍ ഡുപ്ലെസിസ് പിടിച്ച് പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. റൺസ് ഒന്നും എടുക്കാതെ സാഹയും മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.

എന്നാൽ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് പാണ്ഡ്യ നടത്തിയ തിരിച്ചടി ഇന്ത്യയുടെ മാനം കാത്തു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പാണ്ഡ്യ 47 പന്തില്‍ 10 ബൗണ്ടറി സഹിതം അർധസെഞ്ചുറി പിന്നിട്ടു.

എന്നാൽ 25 റൺസ് എടുത്ത ഭുവനേശ്വർ കുമാർ പുറത്തായതോടെ പാണ്ഡ്യ സമ്മർദ്ദത്തിലായി. ഇത് പാണ്ഡ്യയുടെ വിക്കറ്റിലും കലാശിച്ചു. സെഞ്ചുറിക്ക് 7 റൺസ് അകെല കഗീസോ റബാഡ പാണ്ഡ്യയെ ഡിക്കോക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഒടുവിൽ പാണ്ഡ്യ വീണതോടെ ഇന്ത്യൻ പോരാട്ടം 209 റൺസിന് അവസാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ