പൂണെ: സ്വന്തം മണ്ണിൽ ജൈത്രയാത്ര തുടരുന്ന കോലിപ്പടയ്ക്ക് വെല്ലുവിളിയുമായി എത്തുന്നത് ഓസ്ട്രേലിയൻ ടീമാണ്. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാംപടിയിലുള്ള ഇന്ത്യൻ ടീമും ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയും തമ്മിലുള്ള ബലാബലം കാണികളെ ത്രില്ലടിപ്പിക്കുമെന്ന് ഉറപ്പാണ്. ബോർഡർ – ഗവാസ്കർ ട്രോഫിക്കായി നടക്കുന്ന പരന്പരിയിലെ ആദ്യ മത്സരം വ്യാഴാഴ്ച പൂണെയിലാണ് ആരംഭിക്കുന്നത്.

സ്വന്തം മണ്ണിൽ സമീപകാലത്ത് നടന്ന എല്ലാ പരമ്പരിയിലും വിജയം കൈവരിച്ച ഇന്ത്യൻ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.കരുത്തരായ ന്യൂസിലാൻഡിനെയും ഇംഗ്ലണ്ടിനെയും മുട്ടുകുത്തിച്ച ഇന്ത്യൻ സംഘം എതിരാളികളെ നാണം കെടുത്തിയാണ് വിട്ടത്.​​ ബാറ്റിങ്ങിലും,ബൗളിങ്ങിലും അത്യുജ്ജല പ്രകടനമാണ് അനിൽ കുംബ്ലെയുടെ ശിക്ഷണത്തിൽ ഇന്ത്യൻ ടീം കാഴ്ചവെച്ചത്.

നായകൻ വിരാട് കോലി നയിക്കുന്ന ബാറ്റിങ്ങ് നിരയാണ് സ്വന്തം മണ്ണിൽ ഇന്ത്യയുടെ കരുത്ത്. മുരളി വിജയും,ചേതേശ്വർ പൂജാരായും, അജിൻകെ രഹാനുയുമൊക്കെ തകർപ്പൻ ഫോമിലാണ്.
ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായർ പകരക്കാരുടെ ബെഞ്ചിലിരിക്കുമ്പോൾ ഇന്ത്യൻ ബാറ്റിങ്ങ് നിരയുടെ കരുത്ത് വ്യക്തമാകും.രവിചന്ദൻ അശ്വിനും രവീന്ദർ ജഡേജയും വന്പൻ ബാറ്റ്സ്മാൻമാരെ കറക്കി വീഴ്ത്തുന്നത് നാം കണ്ടതാണ്. ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാൻ മത്സരിക്കുന്ന ഫാസ്റ്റ് ബൗളർമാരുടെ മികവും എടുത്തുപറയേണ്ടതാണ്. ഭുവനേശ്വർ കുമാറും, ഉമേഷ് യാദവും ടീമിലെ സ്ഥിരാംഗങ്ങൾ​ ആണെന്നിരിക്കെ ബംഗ്ലാദേശിന് എതിരെ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇശാന്ത് ശർമ്മയും ആദ്യ പതിനൊന്നിലെത്താൻ മത്സരിക്കുകയാണ്.

മറുവശത്ത് ഇന്ത്യൻ മണ്ണിൽ സമീപകാലത്ത് ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാൻ കഴിയാത്ത ഓസ്ട്രേലിയ ഈ​ നാണക്കേട് മാറ്റാൻ​ ഉറച്ചു തന്നെയാണ് എത്തുന്നത്. ഏകദിന ലോകകപ്പ് ജയത്തിന് ശേഷം സ്റ്റീഫൻ സ്മിത്തിന്റെ നേത്രത്വത്തിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കങ്കാരുപ്പടയ്ക്ക് ​അഗ്നിപരീക്ഷതന്നെയാണ് ഈ പരന്പര. ഇന്ത്യയിലേക്ക് എത്തും മുൻപെ ദുബായിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കിയാണ് ഓസീസ് ടീം എത്തുന്നത്. അശ്വനിന്റേയും ജഡേജയുടെയും പന്തുകൾ നേരിടാൻ പ്രത്യേക നെറ്റ് പരിശീലനവും ഓസീസ് താരങ്ങൾക്ക് ഉണ്ടായിരുന്നു.

പതിവിന് വിപരീതമായി 4 സ്പെഷിലിസ്റ്റ് സ്പിന്നർമാരുമായിട്ടാണ് ഓസ്ട്രേലിയ ഇന്ത്യയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. ഓഫ് സിപിന്നർ നൈഥൻ ലയോണിനെക്കൂടാതെ ഇടങ്കയ്യൻ സ്പിന്നർമാരായ സ്റ്റീഫൻ​ ഓക്കീഫും, ആഷ്റ്റൻ​ ആഗറും, ലെഗ്സ്പിന്നറായ മിച്ചൽ സ്വെപ്ണും ഉണ്ട്. ഇന്ത്യൻ ബാറ്റ്സ്മാൻമാരെ മെരുക്കാൻ ഇവർക്ക് പ്രത്യേക പരിശീലനം തന്നെ നൽകിയിട്ടുണ്ട്.
എന്നാൽ സന്നാഹ മത്സരത്തിൽ ഇന്ത്യ എ യുടെ ശ്രേയസ്സ് അയ്യരുടെ ബാറ്റിന്റെ ചൂട് എല്ലാവരും ശരിക്കും അറിഞ്ഞതാണ്.

പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗൗണ്ടിലാണ് ആദ്യ മത്സരം നടക്കുന്നത്. ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന് പൂണെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ