കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ ശിഖർ ധവാനും അഭിനവ് മുകുന്ദും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. പനി ബാധിച്ച് പിന്മാറിയ കെ.എൽരാഹുലിന്റെയും മുരളി വിജയുടെയും അഭാവത്തിലാണ് ശിഖർ ധവാനും അഭിനവ് മുകുന്ദും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്.

ഇന്ത്യൻ നിരയിൽ ആറാമനായി ഹർദ്ദിക് പാണ്ഡ്യെയെ ഉൾപ്പെടുത്തി. സ്പെഷലിസ്റ്റ് ബൗളർമാരുടെ നിരയിൽ രണ്ട് സ്പിന്നർമാരും രണ്ട് പേസ് ബൗളർമാരും മാത്രമായ സാഹചര്യത്തിലാണ് ഹർദ്ദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയത്. ഇദ്ദേഹം ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയ്ക്ക് കരുത്തേകുമെന്നാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടേയും കോച്ച് രവി ശാസ്ത്രിയുടേയും വിശ്വാസം.

ഫാസ്റ്റ് ബൗളര്‍മാരായി മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ് കളിക്കുന്നത്. സ്പിന്നര്‍മാരായി ആര്‍.അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലുള്ളത്. അശ്വിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ അമ്പതാം മത്സരമാണ് ഇന്നത്തേത്. ലങ്കന്‍ നിരയില്‍ ധനുഷ്‌ക ഗുണതിലക ടെസ്റ്റില്‍ ഇന്ന് അരങ്ങേറ്റം നടത്തും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെയും സിംബാബ്‌വെക്കെതിരായ ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ധനുഷ്‌ക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ