ആന്റിഗ്വ: അവസരത്തിനൊത്ത് ഉയർന്ന മുൻ ക്യാപ്റ്റന്റെ മികവിൽ മൂന്നാം ഏകദിനത്തിലും വെസ്റ്റ് ഇന്റീസിനെതിരെ ഇന്ത്യയ്ക്ക് വിജയം. അർദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന മഹേന്ദ്രസിംഗ് ധോണി, 27 ഓവറിൽ 100-3 എന്ന നിലയിൽ പതറിയ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.

93 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുൻ നായകൻ ധോണി പുറത്താകാതെ നേടിയ 78 റൺസിന്റെയും ഓപ്പണർ അജിങ്ക്യ രഹാനെയുടെ 72 റൺസിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്റീസ് 158 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.

ധോണിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലെത്തി. വെസ്റ്റ് ഇന്റീസ് നിരയിൽ ജേസൻ മുഹമ്മദ് (40), റോമാൻ പവൽ (30), ഷായ് ഹോപ് (24) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും ആർ.അശ്വിനും ഇന്ത്യൻ ബൗളിംഗ് നിരയുടെ മൂർച്ച കാട്ടി. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു.

അഞ്ച് മത്സര പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. ഒരു മൽസരം നേരത്തേ മഴയിൽ നഷ്ടപ്പെട്ടിരുന്നു. സ്കോർ: ഇന്ത്യ– 50 ഓവറിൽ നാലിന് 251. വിൻഡീസ്– 38.1 ഓവറിൽ 158.

ടോസ് നേടിയ വെസ്റ്റ് ഇന്റീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിംഗ്സ് തുടങ്ങിയത്. മൂന്നാം ഓവറിൽ ഉയർത്തി അടിച്ച പന്ത് ശിഖർ ധവാനെ ബൗണ്ടറി ലൈനിൽ ചേസിന്റെ കൈകളിൽ എത്തിച്ചു. ഇതോടെയാണ് റൺ നിരക്ക് 3.5 ആയി കൂപ്പുകുത്തിയത്.

രഹാനെ താളം കണ്ടെത്തി കളിച്ചെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. പത്താം ഓവറിൽ ഹോൾഡറിന്റെ പന്തിൽ കോഹ്‌ലി സ്ലിപ്പിൽ കൈൽ ഹോപ്പിന്റെ പിടിയിൽ അകപ്പെട്ടു.

ഒരു ഘട്ടത്തിൽ 20 ഓവറിൽ രണ്ടിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ. 27–ാം ഓവറിൽ, സ്കോർ നൂറു കടന്നതോടെ യുവരാജ് സിംഗും (55 പന്തിൽ 39) പുറത്തായി. പിന്നീടാണ് ധോണി കളത്തിലെത്തിയത്. എന്നാൽ വേഗത്തിൽ രഹാനെയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. അപരാജിതമായ അഞ്ചാം വിക്കറ്റിൽ ധോണിയും ജാദവും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. ജാദവ് 26 പന്തിൽ 40 റൺസെടുത്തതോടെയാണ് ഇന്ത്യയുടെ സ്കോർ 250 കടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ