ഓക്ക്‍‌ലൻഡ്: തന്റേതായ മികവ്കൊണ്ട് ക്രിക്കറ്റ് ലോകം കീഴടക്കിയ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ആക്രമണ ശൈലിക്ക് പേരുകേട്ട താരത്തിന്റെ ഷോട്ടുകളും വ്യത്യസ്ഥമാർന്നതാണ്. കൈക്കുഴയുടെ വഴക്കം ഓരോ ഷോട്ടിലും കോഹ്‌ലി പുറത്തെടുക്കും. കോഹ്‌ലിയുടെ കവർ ഡ്രൈവുകളും ലെഗ് സൈഡ് ഫ്ലിക്കുകളും ഏറെ പ്രത്യേകത നിറഞ്ഞവയാണെന്ന് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തിയതുമാണ്. എന്നാൽ കോഹ്‌ലിയുടെ ബാറ്റിങ് ശൈലി അതേപടി പകർത്തിക്കൊണ്ട് ഒരു ഇന്ത്യൻ താരം എത്തിയിരിക്കുകയാണ്. കൗമാര ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്രെ ഉപനായകനായ ശുഭ്മാൻ ഗില്ലാണ് ഈ താരം.

അണ്ടർ 19 ലോകകപ്പിൽ ഇതുവരെ തകർപ്പൻ പ്രകടനമാണ് ശുഭ്മാൻ ഗിൽ പുറത്തെടുത്തിരിക്കുന്നത്. ന്യൂസിലാൻഡിൽ വിരാട് കോഹ്‌ലിയുടെ ആക്രമണ ശൈലി അതേ രീതിയിൽ കളത്തിൽ കാഴ്ചവെക്കുകയാണ് ഗിൽ. കോഹ്‌ലിയുടെ പ്രശസ്തമായ ഷോട്ടായ ‘ഷോട്ട് ആം ജാബ്’ ഗിൽ അതേപടി പകർത്തിയപ്പോഴാണ് ക്രിക്കറ്റ് പണ്ഡിതൻമാരും അമ്പരന്നത്. നെഞ്ചിന് നേരെ വന്ന ബൗൺസർ ഡീപ് മിഡ്‌വിക്കറ്റിലൂടെ പറത്തിയ ഷോട്ടാണ് ‘ഷോട്ട് ആം ജാബ്’. ഇംഗ്ലീഷ് ബൗളർ ക്രിസ് വോക്ക്സിന്റെ പന്തിലാണ് വിരാട് കോഹ്‌ലി ഈ ഷോട്ട് പുറത്തെടുത്തത്. ഇന്നലെ സിംബാവെ ബൗളർ എൻഗുവിന്റെ പന്തിലായിരുന്നു ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഷോട്ട്.

ശുഭ്മാൻ ഗില്ലിന്റെ ഈ ഷോട്ട് കണ്ട കമന്റെറേറ്റർമാർ താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യൻ ടീമിലെ പോരാളിയാണ് ഗില്ലെന്ന് മുൻ താരം സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. സിംബാവെയ്ക്കെതിരെ 59 പന്തിൽ നിന്ന് 90 റൺസാണ് ശുഭ്മാൻ ഗിൽ അടിച്ച് കൂട്ടിയത്. 14 ക്ലാസിക് ഫോറുകളും 1 സിക്സറും അടങ്ങുന്നതായിരുന്നു ഗില്ലിന്രെ ഇന്നിങ്സ്. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് സിംബാവെയെ തകർക്കുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലും തകർപ്പൻ പ്രകടനമാണ് ഗിൽ കാഴ്ചവെച്ചത്. 54 പന്തിൽ 63 റൺസാണ് ഗിൽ കങ്കാരുക്കൾക്കെതിരെ നേടിയത്. ടൂർണ്ണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 3 മത്സരങ്ങളിൽ നിന്ന് 153 റൺസാണ് താരം അടിച്ച്കൂട്ടിയത്.

വിരാട് കോ‌ഹ്ലിയുടെ കടുത്ത ആരാധകനാണ് ശുഭ്മാൻ ഗിൽ. ഇന്ത്യക്കായി ഒരുപാട് റൺസ് അടിച്ച് കൂട്ടുകയും ഒരിക്കൽ ഇന്ത്യൻ ദേശീയ ടീമിനെ നയിക്കണമെന്നുമാണ് ഗില്ലിന്റെ ആഗ്രഹം.

രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ കൗമാര ലോകകപ്പിന് എത്തിയ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ 3 മത്സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. അയൽക്കാരായ ബംഗ്ലാദേശാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ. ജനുവരി 26 ന് ആണ് ബംഗ്ലാദേശിനെതിരായ മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ