ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ വിവിധ ടീമുകൾ തന്നെ തേടിയെത്തിയതായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് തന്റെ രണ്ടാമത്തെ വീടാണെന്ന തോന്നലാണ് ഉളളതെന്നും, സിഎസ്‌കെയുടെ ആരാധകരെ മറന്ന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരുപാട് പേർ എന്നെ തേടിയെത്തിയിരുന്നു. എനിക്കവരാരൊക്കെയെന്ന് പറയാൻ കഴിയും. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മടങ്ങിവരാതിരിക്കുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല”, ധോണി പറഞ്ഞു.

“ഇതിന് പല കാരണങ്ങളുമുണ്ട്. ടീമെന്ന നിലയിൽ ഞങ്ങൾ കടന്നുപോയ പ്രതിസന്ധികൾ, ടീം മാനേജ്മെന്റിന്റെ കളിക്കാരോടുളള പ്രതികരണം, കളിക്കാർ തമ്മിലുള്ള സ്നേഹം, ആരാധകരുടെ അടുപ്പം അങ്ങിനെ പലതും അതിന്റെ കാരണങ്ങളാണ്”, ധോണി പറഞ്ഞു.

“ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ അവരുടേത് മാത്രമായ താരമെന്ന നിലയിലാണ് എന്നെ സ്വീകരിച്ചിരിക്കുന്നത്. ആ സ്നേഹം കണ്ടില്ലെന്ന് വയ്ക്കാനാവില്ല. സൂപ്പർ കിങ്സ് എനിക്കെന്റെ രണ്ടാമത്തെ വീടാണ് അതുകൊണ്ട്. അതിനാൽ തന്നെ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയുടെ ഭാഗമാകുന്ന കാരം ചിന്തകളിൽ പോലും ഇല്ലാത്തതാണ്”, ധോണി പറഞ്ഞു.

ജനുവരി അവസാന വാരം നടക്കുന്ന താരലേലത്തിൽ ആർ.അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാകുമെന്ന് ധോണി പറഞ്ഞു. രവീന്ദ്ര ജഡേജയും സുരേഷ് റെയ്നയുമാണ് ചെന്നൈ നിലനിർത്തിയ മറ്റ് രണ്ട് താരങ്ങൾ.

ടീമിൽ പ്രാദേശിക താരങ്ങൾ വേണമെന്നും, തമിഴ്‌നാട്ടിൽ നിന്നുള്ള അന്താരാഷ്ട്ര കളിക്കാരൻ എന്ന നിലയിൽ ആർ.അശ്വിനെ ടീം വിട്ടുകളയില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രണ്ടൻ മക്കുലം, ഫാഫ് ഡുപ്ലെസിസ്, ഡ്വെയ്ൻ ബ്രാവോ എന്നിവരെയും ടീമിന്റെ ഭാഗമാക്കുമെന്ന് ധോണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ