ന്യൂഡൽഹി: ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നവംബർ 17 ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊൽക്കത്തയും തമ്മിലാണ് ആദ്യ മത്സരം.

ബെംഗലൂരു എഫ്‌സിയും ജംഷഡ്‌പൂർ എഫ്‌സിയും അടക്കം പത്ത് ടീമുകളുമായാണ് ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ എത്തുന്നത്. മത്സരങ്ങളുടെ എണ്ണക്കൂടുതലും ക്രമവും പ്രകാരം മത്സരം നാല് മാസം നീണ്ടു നിൽക്കും.

പത്ത് ടീമുകളും എതിരാളികളെ ഒരു വട്ടം ഹോം ഗ്രൗണ്ടിലും ഒരു വട്ടം എതിരാളിയുടെ ഗ്രൗണ്ടിലും നേരിടും. പത്ത് ടീമുകളടങ്ങിയ ടൂർണ്ണമെന്റിന്റെ ആദ്യഘട്ടത്തിൽ തന്നെ 90 മത്സരങ്ങൾ ഉണ്ടാകും. സമാനമായ നിലയിൽ സെമിഫൈനലുകളും നടക്കും. സെമിഫൈനൽ മത്സരങ്ങളുടെയും ഫൈനൽ മത്സരങ്ങളുടെയും വേദികൾ പിന്നീട് നിശ്ചയിക്കും.

ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന ഒരു മത്സരം വീതമാണ് നടക്കുക. ഞായറാഴ്ചകളിൽ വൈകിട്ട് 5.30 നും രാത്രി എട്ടിനും മത്സരങ്ങളുണ്ടാകും.

ഡിസംബർ ഒന്നിന് നവീകരിച്ച ജെആർഡി ടാറ്റ സ്റ്റേഡിയത്തിലാണ് ജംഷഡ്‌പൂർ എഫ്‌സിയുടെ മത്സരങ്ങൾ. പത്ത് ടീമുകളും 132.75 കോടിയാണ് ഇത്തവണ കളിക്കാർക്കായി ചിലവഴിച്ചിട്ടുള്ളത്.

77 അന്താരാഷ്ട്ര താരങ്ങളും 166 ദേശീയ താരങ്ങളും ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ബൂട്ട് കെട്ടും. ആദ്യ ഇലവനിൽ ഇനി മുതൽ അഞ്ച് അന്താരാഷ്ട്ര താരങ്ങൾക്ക് മാത്രമേ കളിക്കാനാകൂ. നേരത്തേ ഇത് ആറായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ