ന്യൂഡൽഹി: ഐ-ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഗോകുലം എഫ്സി വരുന്നു. വിവ കേരളയ്ക്ക് ശേഷം ഐ-ലീഗിൽ പങ്കെടുക്കാൻ യോഗ്യത നേടുന്ന ആദ്യ കേരള ക്ലബാണ് ഗോകുലം എഫ്സി. ഇന്നലെ നടന്ന എ ഐ എഫ് എഫ് മീറ്റിങ്ങിലാണ് ഗോകുലം എഫ്സിയെ ഐ-ലീഗിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തിലെ ഒരു ക്ലബ് ഐ ലീഗിൽ പ്രതിനിധീകരിക്കുന്നത്. അവസാനമായി 2011-12 സീസണിൽ വിവാ കേരളയാണ് ഐ ലീഗിൽ കളിച്ച കേരള ക്ലബ്.

രാജ്യത്തെ വിവിധ ക്ലബുകളിൽ നിന്നാണ് ഗോകുലം എഫ്സിയെ തിരഞ്ഞെടുത്തത്. ദേശീയ ലീഗിൽ കേരള പോലീസ്, എഫ് സി കൊച്ചിൻ, എസ് ബി ടി എന്നിവരും മുമ്പ് കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. ബിനോ ജോർജാണ് ഗോകുലം എഫ്സിയുടെ പരിശീലകൻ. സീസണിലെ അവരുടെ ആദ്യ ടൂർണമെന്റായ AWES കപ്പിൽ ഫൈനൽ വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫൈനലിൽ ഡെംപോ എഫ് സിയോട് പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഗോകുലം പരാജയപ്പെട്ടത്. സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ച ഭൂരിഭാഗം താരങ്ങളും ഗോകുലം എഫ്സിയുടെ നിരയിലുണ്ട്.

ഐ ലീഗിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാകും ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് ദേശീയ ഫുട്ബോൾ മഞ്ചേരിയിലേക്ക് എത്തുന്നത്. മലപ്പുറം ജില്ലയിലാണ് ഹോം ഗ്രൗണ്ട് എന്നതുകൊണ്ട് തന്നെ വലിയ ജനപിന്തുണ ഗോകുലത്തിന് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ