മലപ്പുറം: ആണും പെണ്ണും എന്നൊരു വേർതിരിവായിരുന്നു മുൻപ്. അതിനോട് ട്രാൻസ്ജെന്റർ വിഭാഗക്കാരും കൂടി ചേർന്നപ്പോൾ ഭിന്നതയുടെ വേർതിരിവ് വ്യക്തമായി. എല്ലാവരും തുല്യരായ ഒരു സമൂഹമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുക എളുപ്പമല്ലെന്ന ബോധ്യമുണ്ടായി. കളിക്കളത്തിൽ തന്നെയാണ് ഈ വേർതിരിവ് ആദ്യം ഉണ്ടായത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ഈ വേർതിരിവിനെ കളിക്കളത്തിൽ തന്നെ ഭേദിച്ചതാണ് മലപ്പുറത്ത് നടന്ന ജെന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരം. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള യുവസമിതി സംഘടിപ്പിക്കുന്ന സ്‌ക്രൈബ്‌സ് ശാസ്ത്ര-സാംസ്‌കാരിക ഉത്സവം 2017-നോട് അനുബന്ധിച്ചാണ് വേറിട്ട ഈ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

എല്ലാ പേരും ഒരുമിച്ച് , ഒരേ പോലെ കളിക്കുന്ന കളിക്കളം എന്ന​ ആശയം ഫുട്ബോൾ ടീമെന്ന നിലയിൽ തന്നെ കേരളത്തിന്റെ ഫുട്ബോൾ മൈതാനമായ മലപ്പുറത്ത് യാഥാർത്ഥ്യമായി. കോഴിക്കോട് വനിതാ എഫ്.സി കിരീടമണിഞ്ഞ മത്സരം ഇതോടെ കേരളം ലോകത്തിന് കാട്ടിയ മാതൃകയുമായി. ഫൈനലിൽ സോക്കർ ഗേൾസ് വള്ളിക്കുന്നിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തായിരുന്നു കിരീട നേട്ടം.

Gender Neutral Football

കരുത്തുറ്റ കളിയുടെ പുരുഷ മേധാവിത്വം കളംനിറഞ്ഞാടുന്ന ഫുട്‌ബോളിലൂടെ. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രാദേശികമായി സംഘടപ്പിച്ച പെണ്‍, ആണ്‍, ഭിന്ന ലിംഗ വിഭാഗങ്ങള്‍ ഒരു ടീമില്‍ അണിനിരക്കുന്ന ലിംഗസമത്വ ഫുട്‌ബോള്‍ മാച്ചുകളുടെ ഫൈനല്‍ മത്സരങ്ങളാണ് വെള്ളിയാഴ്ച മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ മൈതാനത്ത് അരങ്ങേറിയത്. കടത്തനാട്ട് രാജ അക്കാദമി, സ്റ്റൂഡന്റ്‌സ് എഫ് സി തൂത, വനിതാ അക്കാദമി വള്ളിക്കുന്ന് എന്നീ ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്.

കളി വെറും തമാശക്കളിയാണെന്നാരും കരുതരുത്. ദേശീയ തലത്തിൽ കാൽപന്ത് തട്ടിയ പന്ത്രണ്ടോളം പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ നാല് ടീമുകളിലായി അണിനിരന്ന ശക്തമായ മത്സരമായിരുന്നു മലപ്പുറത്ത് കോട്ടപ്പടി മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്നത്. മൂന്ന് ആൺ, ഏഴ് പെൺ, ഒരു ട്രാൻസ്ജെന്റർ എന്ന നിലയിലായിരുന്നു ടീം ലൈനപ്പ്. പതിനൊന്ന് പേരടങ്ങുന്ന ടീമുകള്‍ക്ക് അര മണിക്കൂര്‍ വീതമായിരുന്ന മത്സരങ്ങള്‍

‘ചെറുപ്പം തൊട്ടെ കളികളിലൂടെയാണ് ലിംഗവിവേചനം വ്യക്തികളിലേക്ക് അവരറിയാതെ കൈമാറ്റം ചെയ്യപ്പെടുന്നത്. അങ്ങനെയാണ് ഫുട്‌ബോളിലും ക്രിക്കറ്റിലും മറ്റു കളികളിലുമെല്ലാം പെണ്ണിനു ആണിനും വെവ്വേറെ ടീമുകളും കളിനിയമങ്ങളും ഉണ്ടായത്. ഈ വിവേചനം കളിക്കളത്തിലൂടെ തന്നെ ഇല്ലായ്മ ചെയ്യാം എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഇത്തരമൊരു ഫുട്‌ബോള്‍ മേളയും സംഘടിപ്പിച്ചത്,’ സംഘാടകരിലൊരാളായ ശ്രീജിത്ത് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

“സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരായ ഒരു പ്രതീകാത്മക സമരം തന്നെയാണിതെ”ന്ന് പരിഷത്ത് ജില്ലാ സമിതി അംഗവും സംഘാടകരിലൊരാളുമായി വി വിനോദ് പറഞ്ഞു. “കളിക്കളത്തില്‍ ആണധികാരത്തിന്റെ ഏറ്റവും ശക്തമായ പ്രകടനം നടക്കുന്നത് ഫുട്‌ബോളിലായത് കൊണ്ട്, ഈ ജെന്‍ഡര്‍ ന്യൂട്രല്‍ മത്സരത്തിന് ഫുട്‌ബോളിനെ തെരഞ്ഞെടുത്തത്” അദ്ദേഹം പറഞ്ഞു.
gnf2

ഗാലറിയില്‍ നാട്ടുകാര്‍ക്കൊപ്പം വിദേശികളും മത്സരങ്ങള്‍ വീക്ഷിക്കാനെത്തിയതും കൗതുകമായി. ലണ്ടനില്‍ നിന്നെത്തിയ സാറ ഒരു വാര്‍ത്ത വെബ്‌സൈറ്റിലൂടെ വിവരമറിഞ്ഞാണ് മലപ്പുറത്തെത്തിയത്. ഫ്രീലാന്‍സ് എഴുത്തുകാരിയായ അവര്‍ ഏതാനും ആഴ്ചകളായി കേരളത്തില്‍ അവധിക്കാലം ചെലവിടാനെത്തിയതാണ്. കൊച്ചിയില്‍ വച്ചാണ് ഈ വാര്‍ത്ത അറിഞ്ഞത്. ഉടന്‍ തന്നെ ഈ കളി നേരിട്ടു കാണാണമെന്ന് തീരുമാനിക്കുകകയായിരുന്നു. “ഇതൊരു നല്ല നീക്കമായാണ് ഞാന്‍ വിലയിരുത്തുന്നത്. ഫുട്‌ബോള്‍ ഭ്രാന്തന്മാരായ ഇംഗ്ലണ്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവിടെ പോലും ഇത്തരത്തില്‍ കളിക്കളത്തില്‍ തുല്യ ലിംഗനീതി ഉറപ്പുവരുത്തുന്ന എല്ലാ ലിംഗക്കാരും ഉള്‍പ്പെടുന്ന ടീമുകളുടെ ടൂര്‍ണമെന്റുകള്‍ ഞാന്‍ കണ്ടിട്ടില്ല,” സൈഡ് ലൈനിലൂടെ ഉരുളുന്ന പന്തിനു പിറകെ ക്യാമറ പായിക്കുന്നതിനിടെ സാറ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ