ഇൻഡോർ: ഓസീസുയർത്തിയ 294 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. അർദ്ധസെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെയും അജിങ്ക്യ രഹാനെയുടെയും പ്രകടന മികവിൽ ഇന്ത്യ 16 ഓവറിൽ 106 റൺസ് നേടി.

നാല് കൂറ്റൻ സിക്സറുകളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ഇതുവരെ പിറന്നത്. രോഹിത് ശർമ്മ 49 പന്തിൽ 58 ഉം രഹാനെ 47 പന്തിൽ 49 ഉം റൺസ് നേടി. നാല് കൂറ്റൻ സിക്സറുകൾ പറത്തി രോഹിത് ശർമ്മ ഇന്ത്യൻ സ്കോറിംഗിന്റെ വേഗത ഉയർത്തി.

ആരോൺ ഫിഞ്ചിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഓസീസിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഓസീസ് 6 വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുത്തു. സെഞ്ചുറി നേടിയ ആരോൺ ഫിഞ്ചാണ് (124) ഓസീസ് നിരയിലെ ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് അർധ സെഞ്ചുറി (63) നേടി.

ഓസീസിന്റെ തുടക്കം തന്നെ മികച്ചതായിരുന്നു. ഓപ്പണർമാരായി ഇറങ്ങിയ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന് ഓസീസിന്റെ റൺവേട്ടയ്ക്ക് തുടക്കം കുറിച്ചു. 42 റൺസെടുത്ത് വാർണർ പുറത്തായെങ്കിലും മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് ഫിഞ്ചിന് മികച്ച പിന്തുണയേകി. രണ്ടാം വിക്കറ്റിൽ 154 റൺസിന്റെ കൂട്ടുകെട്ടാണ് സ്റ്റീവ് സ്മിത്തിനൊപ്പം ആരോൺ ഫിഞ്ച് നേടിയത്. ഫിഞ്ച് 125 പന്തിൽ 124 റൺസ് നേടി. അഞ്ച് സിക്സറും 12 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്സ്.

കുൽദീപ് യാദവിനായിരുന്നു ഫിഞ്ചിന്റെ വിക്കറ്റ്. സ്റ്റീവൻ സ്മിത്ത് 63 റൺസെടുത്ത് പുറത്തായി. സ്മിത്ത് പിന്നാലെ ഇറങ്ങിയ ആർക്കും തന്നെ ഓസീസിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഓരോരുത്തരായി മടങ്ങി. ഒടുവിൽ 293 റൺസിന് ഇന്ത്യൻ ബോളർമാർ ഓസീസിനെ പിടിച്ചുകെട്ടി.

ഇന്ത്യയ്ക്കായി ബുംറയും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ചാഹലും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ