രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഓരോ വിക്കറ്റ് വീഴുമ്പോഴും ആഘോഷമാക്കുകയായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ടെസ്റ്റ് കരിയറിലെ 21-ാം സെഞ്ചുറി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയപ്പോഴും കോഹ്‌ലി ആഹ്ലാദപ്രകടനം നടത്തി. എന്നാൽ കോഹ്‌ലിയുടെ ആഘോഷപ്രകടനങ്ങൾ തങ്ങളെ ഒരിക്കലും ബാധിക്കാറില്ലെന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പേസർ മോണി മോർക്കൽ.

”വിരാട് മൽസരബുദ്ധിയുളള കളിക്കാരനാണ്. ദക്ഷിണാഫ്രിക്കയെ ആദ്യമായി തോൽപ്പിക്കാനുളള ഒരു ടീമിനെ കോഹ്‌ലി ഇവിടെ എത്തിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അവർ ഇവിടെ എത്തിയിട്ടുളളത്. മൈതാനത്തെ കോഹ്‌ലിയുടെ ആഹ്ലാദപ്രകടനങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലുളളതാണ്. അത് അദ്ദേഹത്തോടൊപ്പം എന്നും ഉണ്ടാകും. അത് ഞങ്ങൾക്ക് എല്ലാവർക്കും നന്നായിട്ട് അറിയാം. ഞങ്ങൾ അതിനെ ശ്രദ്ധിക്കാറില്ല” മോണി മോർക്കൽ പറഞ്ഞു.

ടെസ്റ്റ് കരിയറിലെ 21-ാം സെഞ്ചുറിയാണ് കോഹ്‌ലി ഇന്നലെ സെഞ്ചൂറിയനിൽ നേടിയത്. 146 പന്തിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. 10 ഫോറുകൾ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. സെഞ്ചുറി നേടിയതിനുപിന്നാലെ കോഹ്‌ലി 150 റൺസും കടന്നു. ടെസ്റ്റ് കരിയറിൽ 9-ാം തവണയാണ് കോഹ്‌ലി 150 കടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ