ലണ്ടന്‍ : ഫുട്ബാള്‍ മൈതാനത്ത് രാഷ്ട്രീയം ചര്‍ച്ചയാകുന്നത് പുതിയ സംഭവമല്ല. ക്ലബ്ബുകളും ടീമും ആരാധകരും പരസ്യമായ് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചതും സ്വീകരിക്കുന്നതുമായ സംഭവങ്ങള്‍ ഒട്ടനവധിയാണ്. രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞവരില്‍ അവസാനത്തെ ആളാണ്‌ മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള.

ഇംഗ്ലിഷ് ഫുട്ബാളിന്‍റെ ഭരണസംവിധാനമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശിക്ഷാനടപടികളില്‍ കുരുങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍. കളികള്‍ക്കിടയില്‍ കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തെ അനുകൂലിച്ചുകൊണ്ടുള്ള മഞ്ഞ ബാഡ്ജ് ധരിച്ചതിനാണ് നടപടി. അറസ്റ്റ് വരിച്ച് ജയിലില്‍ കഴിയുന്ന കാറ്റലോണിയന്‍ സ്വാതന്ത്ര്യസമരസേനാനികളോട് ഐക്യപ്പെട്ടായിരുന്നു ഇംഗ്ലീഷ് ക്ലബ് മാനേജര്‍ ജാക്കറ്റില്‍ മഞ്ഞ റിബണ്‍ കൊണ്ടുള്ള ബാഡ്ജ് ധരിച്ചത്.

കാറ്റലന്‍ പട്ടണമായ സാന്റ്പെഡോറില്‍ ജനിച്ച പെപ്പ്. ഇരുപത് വര്‍ഷത്തെ തന്‍റെ ജീവിതം ചെലവിട്ടത് കാറ്റലന്‍ ക്ലബ്ബായ ബാഴ്‌സലോണയിലാണ്. താരമായും പരിശീലകനായും ഏറെ പ്രശസ്തി നേടിയ താരം മുന്‍പും കാറ്റലന്‍ അനുകൂല നിലപാടിലൂടെ ശ്രദ്ധേയനായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മൈതാനത്തില്‍ രാഷ്ട്രീയം പ്രഖ്യാപിച്ചതിനറെ പേരില്‍ സൂപ്പര്‍ മാനേജര്‍ക്കെതിരെ  ഇംഗ്ലീഷ് ഫുട്ബാള്‍ അസോസിയേഷന്‍ പിഴ ചുമത്തുന്നത്. എന്നാല്‍ എത്ര കടുത്ത ശിക്ഷാ നടപടി ഉണ്ടായാലും തന്‍റെ നിലപാടില്‍ നിന്നും പിറകോട്ട് പോകില്ല എന്നാണ് ഗാര്‍ഡിയോള അവസാനമായി വ്യക്തമാക്കുന്നത്.

“ഒരു മാനേജര്‍ക്ക് മുന്‍പ് ഞാനൊരു മനുഷ്യനാണ്, ഒരു വ്യക്തിയാണ്. അതെന്താണ് എന്ന് ഇംഗ്ലണ്ടിന് നന്നായി അറിയാം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടി. ജനങ്ങള്‍ക്ക് ഒരു അഭിപ്രായമുണ്ടാകുന്നതിനോട് നിങ്ങള്‍ അനുകൂലമായി നിന്നു. സ്കോട്ട്‌ലാന്‍ഡിനും അതേ അവകാശം നല്‍കി. അത് തന്നെയാണ് സ്പെയിനിലും നടന്നത്. വോട്ട്‌ ചെയ്തവരെ 145ന് മുകളില്‍ ദിവസമായി ജയിലിലിട്ടിരിക്കുകയാണ്. അവരൊക്കെ നിരപരാധികള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. ജഡ്ജി അല്ല എന്ന് തെളിയിക്കുന്നത് വരെ എകിലും.” സ്പെയിനില്‍ തടവില്‍ കഴിയുന്ന കാറ്റലോണിയന്‍ സ്വാതന്ത്ര്യ അനുകൂലികളെ അനുകൂലിച്ചുകൊണ്ട് പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.

നടപടിക്ക് ശേഷം ആഴ്സണലിനോട് നടന്ന മത്സരത്തിലും കാറ്റലോണിയന്‍ അനുകൂല ബാഡ്ജ് ധരിച്ച് തന്നെയാണ് ഗാര്‍ഡിയോള മൈതാനത്തില്‍ എത്തിയത്. എത്രതന്നെ നടപടി ഉണ്ടായാലും വിട്ടുവീഴ്ച ഉണ്ടാവില്ല എന്നാണ് ഗാര്‍ഡിയോളയുടെ നിലപാട്. ഫുട്ബാള്‍ അസോസിയേഷന്‍ കടുത്ത നടപടി സ്വീകരിച്ചേക്കും എന്നാണ് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പ്രീമിയര്‍ ലീഗ് പോയന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരാണ് മാഞ്ചസ്റ്റര്‍ സിറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ