സൂപ്പർ താരം നെയ്മർ ജൂനിയറെ പിഎസ്ജിയിൽ നിന്ന് റാഞ്ചാനുള്ള പദ്ധതിയുമായി റയൽ മുന്നോട്ട്. നെയ്മറിനെ പ്രകീർത്തിച്ച് കൊണ്ട് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ തന്നെ പരസ്യമായി രംഗത്ത് വന്നതാണ് ഏറ്റവും പുതിയ വാർത്ത. നെയ്മർ ലോകോത്തര താരമാണെന്നും എല്ലാ പരിശീലകരും ഇഷ്ടപ്പെടുകയും സ്വന്തം ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കളിക്കാരനാണ് നെയ്മറെന്നും സിദാൻ ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നെയ്മറിനെ സ്വന്തമാക്കാൻ റയൽ ശ്രമിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സിദാന്റെ പ്രതികരണം. നേരത്തെ നെയ്മറെ പ്രകീർത്തിച്ച് കൊണ്ട് റയൽ മാഡ്രിഡ് പ്രസിഡൻഡ് ഫ്ലോറന്റീനോ പെരസ് പരസ്യമായി രംഗത്ത് വന്നിരുന്നു. ബാലൺ ഡി യോർ സ്വന്തമാക്കാൻ നെയ്മർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിന് പറ്റിയ ക്ലബ് റയൽ മാഡ്രിഡ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നെയ്മർ സന്നദ്ധനാണെങ്കിൽ എത്ര പണം വേണമെങ്കിലും മുടക്കുമെന്നും പെരസ് വ്യക്തമാക്കിയിരുന്നു.

പിഎസ്ജിയിൽ നെയ്മർ സന്തുഷട്നല്ല എന്ന വാർത്തകൾ​ പുറത്ത് വരുന്നതിനിടെയാണ് റയൽ മാഡ്രിഡിന്റെ പുതിയ നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്. എഡിസൺ കവാനിയുമായിട്ടുളള പരസ്യ സംഘട്ടനങ്ങളും, പിഎസ്ജി ആരാധകരുടെ കൂവലും നെയ്മറിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പിഎസ്ജി നൽകിയ പണത്തേക്കാൾ വലിയ തുക വാഗ്‌ദാനം ചെയ്യുന്ന റയൽ മാഡ്രിഡിലേക്ക് നെയ്മർ ചേക്കേറുമെന്നാണ് സൂചന.

ഫോം കണ്ടെത്താൻ വിഷമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയ്ൽ, കരീം ബെൻസമ എന്നിവരെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമിൽ എത്തിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. മൂവർക്കും പ്രായം 30 കടന്നുവെന്നും ഈ താരങ്ങളുടെ സുവർണ്ണ കാലം കഴിഞ്ഞുവെന്നും ആരാധകർ ആക്ഷേപിക്കുന്നുണ്ട്. നെയ്മർ ജൂനിയർ, എഡിൻ ഹസാഡ്, ഹാരി കെയ്ൻ എന്നീ താരങ്ങളെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡിന് പദ്ധതിയുണ്ട്.

കഴിഞ്ഞ രണ്ടു സീസണുകളിലെ യൂറോപ്യൻ ആധിപത്യത്തിനു ശേഷം ഈ സീസണിൽ പരുങ്ങലിലാണ് റയൽ മാഡ്രിഡ്. ലാലിഗ പോയിന്ര് ടേബിളിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ടീം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലും രണ്ടാമതായാണു ഫിനിഷ് ചെയ്തത്. ഇതോടെ സിദാനും റയലിലെ പ്രധാന കളിക്കാർക്കുമെതിരെ കടുത്ത രോഷമാണ് റയൽ ആരാധകർ ഉയർത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ