ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ ബോളിവുഡ് നടിമാർക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത് പതിവാണ്. ചിലപ്പോഴൊക്കെ ഇത് വിവാഹത്തിൽ ചെന്നവസാനിക്കാറുമുണ്ട്. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പേരാണ് ഗോസിപ്പ് കോളങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ബോളിവുഡ് നടി എല്ലി അവ്രാം ആണ് ഹാർദിക്കിന്റെ പുതിയ കാമുകി.

കൊൽക്കത്തയിൽനിന്നുളള മോഡൽ ലിഷ ശർമയുമായി പാണ്ഡ്യ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരും ഹോങ്കോങ്ങിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. എന്നാൽ പ്രണയവാർത്തയെ പാണ്ഡ്യ നിഷേധിച്ചു. ഇതിനുപിന്നാലെ പാണ്ഡ്യയും ബോളിവുഡ് നടി പരിനീതി ചോപ്രയും പ്രണയത്തിലാണെന്ന് പാപ്പരാസികൾ പറഞ്ഞു പരത്തി. പക്ഷേ പരിനീതിയും പാണ്ഡ്യയും ഇത് നിഷേധിച്ചു. ഇതിനുശേഷമാണ് ഹാർദിക്കിനൊപ്പം എല്ലിയുടെ പേര് കേട്ടു തുടങ്ങിയത്.

ഇരുവരും പൊതു ഇടങ്ങളിൽ ഒരുമിച്ച് എത്തിയതും ഹാർദിക്കിന്റെ കുടുംബ ആഘോഷങ്ങളിൽ എല്ലി പങ്കെടുത്തതുമാണ് ഇരുവരും പ്രണയത്തിലാണെന്ന് പരക്കാൻ കാരണം. ഗോസിപ്പുകൾ ശക്തമായപ്പോൾ എല്ലി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. ”നിങ്ങൾ ഒരു സെലിബ്രിറ്റി ആണെങ്കിൽ നിങ്ങളുടെ പേരിൽ ഗോസിപ്പ് പരക്കാറുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരത്തിലുളള നിരവധി വാർത്തകൾ പുറത്തുവരുന്നുണ്ട്. ഞാനിതിനൊന്നും വിശദീകരണം നൽകാറില്ല” ഇതായിരുന്നു എല്ലി പറഞ്ഞത്.

ഹാർദിക്കുമായുളള പ്രണയവാർത്ത നിഷേധിച്ച എല്ലി മുംബൈ വിമാനത്താവളത്തിൽ ഹാർദിക്കിനൊപ്പം ഒരുമിച്ച് എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പാപ്പരാസികൾ ആഘോഷമാക്കുന്നത്. ഹാർദിക്കിനൊപ്പം കാറിലെത്തിയ പെൺകുട്ടി ആരാണെന്ന് പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. അത് മറ്റാരുമായിരുന്നില്ല, ഹാർദിക്കിന്റെ കാമുകി എല്ലിയായിരുന്നു. ക്യാമറക്കണ്ണുകളിൽനിന്നും രക്ഷ നേടാൻ എല്ലി മുഖം മറച്ചുപിടിച്ചെങ്കിലും ഫലമുണ്ടായില്ല. ഹാർദിക്കിനെ യാത്രയയ്ക്കാനാണ് എല്ലി വിമാനത്താവളത്തിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ