ഡർബൻ: ഇത്തവണത്തെ ഐസിസി ചാമ്പ്യൻസ്ട്രോഫി കിരീടം തനിക്ക് വേണമെന്ന് ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സ്. ഒരു ഐസിസി കിരീടത്തിനായിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കുറേ കാലമായെന്നും ഇത്തവണ കിരീടം നേടുന്നതിനായി തന്നാൽ കഴിയുന്നത് എല്ലാം ചെയ്യുമെന്നും ഡിവില്ലിയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ചാമ്പ്യൻസ് ട്രോഫിക്കായി കടുത്ത മത്സരമാണ് നടക്കുന്നത് എന്ന് അറിയാം , എന്നാൽ ഇത്തവണ കപ്പ് ഉയർത്താൻ വേണ്ടി ചാവേറുകളെപ്പോലെയാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ വരുന്നത് എന്നും ഡിവില്ലിയേഴ്സ് പറയുന്നു. താൻ പൂർണ്ണമായും കാര്യക്ഷമത വീണ്ടെടുത്തു കഴിഞ്ഞു , ഇംഗ്ലണ്ടിന് എതിരായ 3 മത്സരങ്ങളുടെ പരമ്പരയിൽ കളിക്കുമെന്നും ഡിവില്ലിയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന ടൂർണ്ണമെന്റുകളിൽ അടുത്ത കാലത്തൊന്നും ദക്ഷിണാഫ്രിക്കയ്ക്ക് കപ്പ് ഉയർത്താൻ സാധിച്ചിരുന്നില്ല.

ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച തുടക്കമാണ് നേടിയത്, എന്നാൽ ഒരു ടീമെന്ന നിലയ്ക്ക് ഒത്തിണക്കം കാണിക്കാൻ റോയൽ ചലഞ്ചേഴ്സിന് സാധിച്ചില്ലെന്നും ഡിവില്ലിയേഴ്സ് തുറന്നടിച്ചു. ഇനി ചാമ്പ്യൻസ് ട്രോഫിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് എന്നും സ്വന്തം നാടിനായി കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്നും ഡിവില്ലിയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ