പാരിസ്: 2017ലെ മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ലയണൽ മെസി, നെയ്മർ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് റൊണാൾഡോ ബാലൻ ഡി ഓർ പുരസ്കാരം നേടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടുന്ന താരമെന്ന മെസിയുടെ റെക്കാർഡിനൊപ്പമെത്തി റൊണാൾഡോ.

പാരീസിലെ ഈഫൽ ഗോപുരത്തിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാന്പ്യൻസ് ലീഗും ലാ ലിഗാ കിരീടവും നേടിക്കൊടുക്കുന്നതിൽ റൊണാൾഡോയുടെ പ്രകടനം നിർണായകമായിരുന്നു. നേരത്തെ 2008, 2013, 2014, 2016 വർഷങ്ങളിലാണ് റൊണാൾഡോ പുരസ്കാരം നേടിയത്. വിരമിക്കുന്നതിനു മുന്പ് ഏഴു ബാലൻ ഡി ഓർ പുരസ്കാരം നേടണമെന്നാണ് ആഗ്രഹമെന്ന് റൊണാൾഡോ അടുത്തിടെ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ