ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ നോക്കൗട്ട് റൗണ്ടിലെ വമ്പന്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ഫ്രഞ്ച് കരുത്തര്‍ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ഒടുവില്‍ നിലവിലെ ചാംപ്യന്മാര്‍ തന്നെ വിജയം കണ്ടു. ആദ്യം ഗോള്‍ വഴങ്ങിയ റയല്‍ മൂന്നു ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. റൊണാള്‍ഡോ-നെയ്മര്‍ പോരാട്ടമെന്ന് വിശേഷിപ്പിച്ച മൽസരത്തില്‍ അഡ്രിയാന്‍ റാബിയറ്റിലൂടെ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്.

കൈലിയാന്‍ മാപ്പെയും നെയ്മറും രണ്ട് അവസരങ്ങള്‍ പാഴാക്കിയതും പിഎസ്ജിക്ക് തിരിച്ചടിയായി. പിഎസ്ജിക്കായി 33-ാം മിനിറ്റിലയിരുന്നു റാബിറ്റയുടെ ഗോള്‍. എന്നാല്‍ 45, 83 മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന് രക്ഷകനായി. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ ഗോളിന് തുടക്കം കുറിച്ചത്. 83-ാം മിനിറ്റില്‍ ലീഡ് നേടി. 86-ാം മിനിറ്റില്‍ മാഴ്സലോ കൂടി ലക്ഷ്യം കണ്ടതോടെ റയല്‍ നോക്കൗട്ടില്‍ ആദ്യ പാദം സ്വന്തമാക്കുകയായിരുന്നു.

കളത്തിലെ പ്രകടനത്തിന്റെ പ്രതിഫലനം സ്കോര്‍ ബോര്‍ഡില്‍ കണ്ടില്ലെന്ന് പിഎസ്ജി മാനേജര്‍ യുനൈ എമേരി പറഞ്ഞു. റഫറി ഗിനാലുക്ക റോച്ചി മാഡ്രിഡിനെ സഹായിച്ചെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ