വനിത ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിന്റെ ഫൈനൽ പോരാട്ടത്തിൽ​ ഇന്ത്യൻ വനിതകൾക്ക് ത്രസിപ്പിക്കുന്ന ജയം.അവസാന പന്തിൽ 2 റൺസ് വേണമെന്നിരിക്കെ ഹർമ്മൻപ്രീത് കൗറാണ് ഇന്ത്യക്കായി വിജയ റൺ നേടിയത്. 9​ റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ഒരു സിക്സറടക്കം മുഴുവൻ റൺസും നേടിയത് ഹർമ്മൻ പ്രീത് കൗറായിരുന്നു.
സ്കോർ – ദക്ഷിണാഫ്രിക്ക – 244 (49.4), ഇന്ത്യ 245 (50)

ലോകകപ്പ് യോഗ്യതയ്ക്കായുള്ള കലാശക്കളിയിൽ​ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.40 റൺസ് എടുത്ത മിഗ്നോൺ ഡി പെരസിന്റേയും 37 റൺസ് എടുത്ത നായിക വാൻ നിക്കെർക്കിന്റേയും മികവിലാണ് ദക്ഷിണാഫ്രിക്ക 244 റൺസ് എടുത്തത്. 3 വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്വാദാണ് ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ടീം രണ്ടാം വിക്കറ്റിൽ ദീപ്തി ശർമ്മയും മോന മെഷ്റമും ഒരുക്കിയ സെഞ്ചുറി കൂട്ടുകെട്ടിൽ അനായാസം വിജയം നേടുമെന്ന് തോന്നിച്ചു. രണ്ടാം വിക്കറ്റിൽ​ ഇരുവരും ചേർന്ന് 124 റൺസാണ് ഇന്ത്യൻ സ്കോറിനോട് കൂട്ടിചേർത്തത്. ഇരുവരും അർധ സെഞ്ചുറിയും നേടി. എന്നാൽ ഇരുവരും വീണതോടെ ഇന്ത്യ തകർന്നടിഞ്ഞു. ഒരറ്റത്ത് ഹർമ്മൻപ്രീത് കൗറിനെ കാഴ്ചക്കാരിയാക്കി ദക്ഷിണാഫ്രിക്ക വിക്കറ്റുകൾ പിഴുതു.

എന്നാൽ ഉറച്ചു നിന്ന ഹർമ്മൻ പ്രീത് കൗർ ഒറ്റയാൾ പോരാട്ടം നയിച്ചു. അവാസ ഓവറിൽ 9 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ രണ്ടാം റൺസിനായി ഓടുന്നതിനിടെ 7 റൺസ് എടുത്ത പൂണം യാദവ് റണ്ണൗട്ടായി. എന്നാൽ സ്ട്രൈക്ക് എൻഡിൽ ഹർമ്മൻ പ്രീത് തന്നെ എത്തി.എന്നാൽ പിന്നീടുള്ള മൂന്ന് ബോളുകളിലും ഒരു​ റൺസ് പോലും ഹർമ്മൻ പ്രീതിന് നേടാനായില്ല. ​എന്നാൽ അഞ്ചാം പന്ത് അതിർത്തിക്ക് മുകളിലൂടെ പറത്തി ഹർമ്മൻ പ്രീത് പ്രതീക്ഷ നൽകി. അവസാന പന്തിൽ വേണ്ടത് 2 റൺസ്, പന്ത് ലോങ്ങോണിലേക്ക് നീട്ടി ഹർമ്മൻ പ്രീത് 2 റൺസ് ഓടിയെടുത്തതോടെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം.

ഇന്ത്യക്കായി 71റൺസ് എടുത്ത ദീപ്തിതി ശർമ്മയാണ് മാൻ ഓഫ് ദ മാച്ച്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ