ലണ്ടൻ: ജനുവരിയിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവതാരത്തെ ടീമിൽ എത്തിച്ച് ഇംഗ്ലീഷ് ചാമ്പ്യൻമാരായ ചെൽസി. ഇംഗ്ലീഷ് ദേശീയ ടീമിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച റോസ് ബാർക്ക്‌ലിയെയാണ് ചെൽസി തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. 15 മില്യൺ യൂറോയാണ് ചെൽസി താരത്തിനായി മുടക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് പ്രമിയർ ലീഗ് ക്ലബായ എവർട്ടണിൽ നിന്നാണ് റോസ് ബാർക്ക്‌ലി ചെൽസിയിലേക്ക് എത്തുന്നത്. 5 വർഷത്തെ കരാറാണ് ബാർക്ക്‌ലി ചെൽസിയുമായി ഒപ്പിട്ടിരിക്കുന്നത്. അറ്റാക്കിങ്ങ് മിഡ്ഫീൽഡറായ ബാർക്ക്‌ലി ക്ലബിനായും ദേശീയ ടീമിനായും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ കഴിഞ്ഞ സീസണിൽ പരുക്ക്മൂലം മാസങ്ങളോളം താരം പുറത്തിരുന്നു. പരുക്ക് ഭേതമായി തിരിച്ചെത്തിയപ്പോൾ എവർട്ടണിൽ താരത്തിന് നല്ല അവസരങ്ങളും ലഭിച്ചിരുന്നില്ല.

എവർട്ടൺ മാനേജ്മെന്റുമായുള്ള പടലപിണക്കം ബാർക്ക്‌ലിയെ ഏറെ നാൾ പുറത്തിരുത്തി. കഴിഞ്ഞ ട്രാൻഫർ വിൻഡോയിൽ ക്ലബ് വിടാൻ ചില നീക്കങ്ങൾ നടത്തിയെങ്കിലും ഇതൊന്നും വിജയിച്ചില്ല. ടോട്ടൻഹാം,ക്രിസ്റ്റൽപാലസ് തുടങ്ങിയ ക്ലബുകൾ ബാർക്ക്‌ലിയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.​

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ